440 കോടി രൂപയ്ക്ക് ശംഖ് ഓഡിറ്റോറിയം: ബംഗാള്‍ ജനതയ്ക്ക് സമര്‍പ്പിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി

കൊല്‍ക്കത്ത: പുതുവത്സരദിനത്തില്‍ ബംഗാള്‍ ജനതയ്ക്ക് 440 കോടി രൂപയ്ക്ക് കടഞ്ഞെടുത്തൊരു ശംഖ് ഓഡിറ്റോറിയം സമ്മാനിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വാസ്തുശില്‍പ ഭംഗിയും ആധുനികതയും സമന്വയിക്കുന്ന കൊല്‍ക്കത്തയിലെ ധാനേധാന്യോ ഓഡിറ്റോറിയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.

ബംഗാളിന്റെ പുതുവത്സരദിനമായ പോയ്ല ബൈശാഖിനോടനുബന്ധിച്ചാണ് പുതിയ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തത്. 440 കോടി രൂപയാണ് ഓഡിറ്റോറിയത്തിന്റെ നിര്‍മാണച്ചെലവെന്ന് ഓഡിറ്റോറിയത്തിന്റെ മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.

ഓഡിറ്റോറിയത്തിന്റെ സമ്പൂര്‍ണകാഴ്ചയ്ക്കായി ഡ്രോണ്‍ ചിത്രങ്ങളാണ് മമത പങ്കുവെച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സ്വപ്നപദ്ധതി സാക്ഷാത്കരിച്ചതില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെ മമത അനുമോദിച്ചു. സംസ്ഥാന പുരോഗതിയുടെ അടയാളമാണ് ഈ ആധുനിക സൗധമെന്ന് മമത പറഞ്ഞു.

ആറുനിലകളാണ് ഓഡിറ്റോറിയത്തിനുള്ളത്. 510 അടി നീളവും 210 അടി വീതിയും കെട്ടിടത്തിനുണ്ട്. 2000 പേര്‍ക്കിരിക്കാവുന്ന വലിയ ഹാളും 540 പേര്‍ക്കിരിക്കാവുന്ന ചെറിയ ഹാളും ഓഡിറ്റോറിയത്തിലുണ്ട്. ഭക്ഷണം കഴിക്കാനുള്ള സത്കാരഹാളും ഫുഡ്കോര്‍ട്ടും നൂറ് കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഓഡിറ്റോറിയത്തിലുണ്ട്.

2017 ഡിസംബറിലാണ് ഓഡിറ്റോറിയത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 40 മാസങ്ങള്‍ കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിലും കോവിഡ് കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകി.

Exit mobile version