പച്ചയായ വിരാട് കോഹ്‌ലി: ഉച്ചയ്ക്ക് ബാക്കിയായ ഭക്ഷണം തന്നെ രാത്രിയിലും മതിയെന്ന് വാശിപിടിച്ച് താരം

കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിലി ശുദ്ധ വെജിറ്റേറിയനാണ്. കോഹ്ലിയ്ക്ക് തനി നാടന്‍ സദ്യ ഒരുക്കി നല്‍കിയ അനുഭവം കുറിച്ചിരിക്കുകയാണ് പാചക വിദഗ്ദ്ധന്‍ സുരേഷ് പിള്ള.

2018ല്‍ തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം കളിക്കാനെത്തിയതായിരുന്നു ഇന്ത്യന്‍ ടീം. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ താമസിച്ച ഇന്ത്യന്‍ ടീമിന് ഭക്ഷണം ഒരുക്കാനുള്ള ഭാഗ്യം ലഭിച്ചത് സുരേഷ് പിള്ളക്കായിരുന്നു. അന്നത്തെ അനുഭവമാണ് സുരേഷ് പിള്ള കുറിച്ചത്.

ഒപ്പം കോഹ്‌ലിക്കൊപ്പമുള്ള ചിത്രവും സുരേഷ് പിള്ള പോസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു താരങ്ങള്‍ക്ക് വിവിധ മത്സ്യവിഭവങ്ങള്‍ ഒരുക്കിയപ്പോള്‍ കോലിക്ക് 24 കൂട്ടുള്ള സദ്യയാണ് ഉണ്ടാക്കിയത്. അന്ന് ഉച്ചയ്ക്ക് കോഹ്‌ലി അത് കഴിച്ചെന്നും ബാക്കിയുള്ള ഭക്ഷണം കളയാതെ രാത്രിയും വിളമ്പണമെന്ന് വാശി പിടിച്ചെന്നും സുരേഷ് പിള്ള പോസ്റ്റില്‍ പറയുന്നു.

‘അറബിക്കടലില്‍ നിന്നും അഷ്ടമുടിക്കായലില്‍ നിന്നും പിടിച്ച മത്സ്യങ്ങള്‍ കൊണ്ടുവന്ന് സമൃദ്ധമായ സീഫുഡ് തളിക ഞങ്ങള്‍ ഇന്ത്യന്‍ ടീമിനായി ഒരുക്കി. വെജിറ്റേറിയന്‍ ആയതിനാല്‍ കോഹ്‌ലിക്ക് അത് കഴിക്കാന്‍ പറ്റില്ലായിരുന്നു. അങ്ങനെയാണ് സദ്യ ഒരുക്കാം എന്ന് ഞാന്‍ കോലിയോട് പറഞ്ഞത്. അദ്ദേഹം വളരെയധികം താത്പര്യത്തോടെ യെസ് എന്ന് പറഞ്ഞു. അത് എന്റെ കാതുകള്‍ക്ക് സംഗീതം പോലെയായിരുന്നു. 24 കൂട്ടുള്ള ഒരു സദ്യ തന്നെ അദ്ദേഹത്തിന് മാത്രമായി പ്രത്യേകമായി ഞങ്ങള്‍ ഒരുക്കി. വേഗത്തിലാണ് കാര്യങ്ങള്‍ ചെയ്തത്. ഒരാള്‍ക്ക് മാത്രമായി സദ്യ ഒരുക്കുക എന്നത് എളുപ്പമല്ല. എന്നിട്ടും ഞങ്ങള്‍ അത് ചെയ്തു. കൊള്ളാമോ എന്ന് ഉറപ്പുവരുത്താനായി ഞാന്‍ തന്നെ അദ്ദേഹത്തിന്റെ മുറിയിലെത്തി ഭക്ഷണം വിളമ്പിക്കൊടുത്തു.

എന്നാല്‍ പിന്നീടുണ്ടായ കാര്യങ്ങള്‍ എന്നെ അദ്ഭുതപ്പെടുത്തി. ‘ബാക്കിയുള്ള ഭക്ഷണം നിങ്ങള്‍ എന്താണ് ചെയ്യുക?’ എന്ന് കോഹ്‌ലി എന്നോട് ചോദിച്ചു. ഒറ്റ നേരത്തേക്കുള്ള ഭക്ഷണം ആയതിനാല്‍ അത് കളയുമെന്ന് വേദനയോടെ കോഹ്‌ലിയോട് പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം പറഞ്ഞു.

‘ബാക്കി എനിക്ക് രാത്രി കഴിക്കാമോ?’. അതിഥികള്‍ക്ക് നല്‍കുന്ന ഭക്ഷണം സൂക്ഷിച്ചുവെയ്ക്കരുതെന്ന് ഹോട്ടലിന്റെ കര്‍ക്കശമായ ഭക്ഷ്യസുരക്ഷാ നിയമമുണ്ടായിരുന്നു. അതോടൊപ്പം താരങ്ങള്‍ക്ക് നല്‍കേണ്ട ഭക്ഷണത്തെ കുറിച്ച് ബി.സി.സി.ഐയുടേയും മാര്‍ഗനിര്‍ദേശങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കേണ്ടി വന്നു.

രാത്രി ആ സദ്യ തന്നെ നല്‍കാന്‍ പറ്റില്ലെന്ന് ഞാന്‍ കോഹ്‌ലിയോട് പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിനുവേണ്ടി തയ്യാറാക്കിയ ഭക്ഷണം കളയരുതെന്ന ഉറച്ച നിലപാടിലായിരുന്നു കോഹ്‌ലി. ബാക്കി സദ്യ രാത്രി തരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവില്‍ ഞങ്ങള്‍ക്ക് അത് വഴങ്ങേണ്ടി വന്നു.

അദ്ദേഹത്തെപ്പോലെ വിജയം വരിച്ച ഒരു മനുഷ്യന്‍, പണത്തിന് നല്‍കാവുന്നതെല്ലാം വാങ്ങാന്‍ സാധിക്കുന്ന ഒരാള്‍, അദ്ദേഹത്തിന്റെ ബാക്കി വന്ന ഭക്ഷണം വീണ്ടും വിളമ്പാന്‍ ആവശ്യപ്പെടുന്നു. ഭക്ഷണം പാഴായിപ്പോകാതിരിക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം സംഭവിച്ചത് അടച്ചിട്ട മുറിക്കയ്ക്കത്താണെന്ന് ഓര്‍ക്കണം. അതൊന്നും ക്യാമറയ്ക്ക് വേണ്ടിയുള്ള കളിയല്ലായിരുന്നു. അതാണ് പച്ചയായ വിരാട് കോഹ്‌ലി, എന്നാണ് അദ്ദേഹം പറയുന്നത്.

‘നിങ്ങള്‍ നെഞ്ചിലേറ്റുന്ന, ആരാധിക്കുന്ന വ്യക്തിത്വങ്ങളെ നേരിട്ട് കാണരുതെന്നും അവര്‍ നിങ്ങളെ നിരാശപ്പെടുത്തുമെന്നും എല്ലാവരും പറയാറുണ്ട്. എന്നാല്‍ ഞാന്‍ എന്റെ ഹീറോയെ കണ്ടു. എന്റെ സ്നേഹം പതിന്മടങ്ങാകുകയാണ് ചെയ്തത്. അന്നും ഇന്നും എന്നുമൊരു കോഹ്‌ലി ആരാധകനാണ് ഞാന്‍.’ സുരേഷ് പിള്ള കുറിച്ചു.

Exit mobile version