രാത്രി ഷിഫ്റ്റ് കഴിഞ്ഞ് നിര്‍ത്തിയിട്ട ബസിന് തീ പിടിച്ചു: കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: നിര്‍ത്തിയിട്ടിരുന്ന സിറ്റി ബിഎംടിസി ബസിന് തീ പിടിച്ച് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. ബസിനുള്ളില്‍ ഉറങ്ങുകയായിരുന്ന മുത്തയ്യ സ്വാമി (45)യാണ് മരിച്ചത്.
രാത്രി ഷിഫ്റ്റ് കഴിഞ്ഞ് ലിംഗധീരനഹള്ളി ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസാണ് കത്തിയത്.

ബസിന് തീപിടിക്കാനുള്ള കാരണം അറിവായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ 4.45ഓടെയായിരുന്നു സംഭവം. ബസ് പാര്‍ക്ക് ചെയ്ത ശേഷം ബസിന്റെ ഡ്രൈവര്‍ പ്രകാശ് ബസ് സ്റ്റാന്‍ഡിലെ ബസ് ജീവനക്കാര്‍ക്കായുള്ള ഡോര്‍മിറ്ററിയില്‍ വിശ്രമിക്കാന്‍ പോയി.

എന്നാല്‍ മുത്തയ്യ ബസിനുള്ളില്‍ ഉറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പുലര്‍ച്ചെയാണ് ബസിന് തീപിടിച്ചത്. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അഗ്‌നിരക്ഷാസേനയെ അറിയിച്ചു.

ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും ബിഎംടിസി ഉദ്യോഗസ്ഥന്‍ അറിയിച്ചു. കത്തി നശിച്ച ബസ് 2017 മുതല്‍ ഇതുവരെ 3.75 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തി.

Exit mobile version