കാല്‍തെറ്റി ഷാഫ്റ്റിലേക്ക് വീണു; ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നതോടെ 15കാരന്‍ ചതഞ്ഞരഞ്ഞ് മരിച്ചു

കുട്ടി ചതഞ്ഞരാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ലിഫ്റ്റിലാണ് അപകടം സംഭവിച്ചത്.

ന്യൂഡല്‍ഹി: കാല്‍തെറ്റി ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് വീണു, ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നതോടെ 15കാരന്‍ ചതഞ്ഞരഞ്ഞ് മരിച്ചു. ഡല്‍ഹി ഭാവന ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇന്നലെയാണ് ദാരുണ സംഭവം നടന്നത്. 15കാരനായ അലോക് ആണ് ഫാക്ടറിയുടെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചത്. അലോക് ഷാഫ്റ്റിലേക്ക് വീണ ഉടന്‍ തന്നെ താഴത്തെ നിലയില്‍ നിന്ന് ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നതാണ് അപകടകാരണം.

രണ്ടാമത്തെ നിലയില്‍ നിന്ന് കാല്‍തെറ്റി 15കാരന്‍ ലിഫ്റ്റിന്റെ ഷാഫ്റ്റില്‍ വീഴുകയായിരുന്നു. ലിഫ്റ്റ് താഴത്തെ നിലയില്‍ നിന്ന് മുകളിലേക്ക് ഉയര്‍ന്നതോടെ അലോക് കുടുങ്ങിപ്പോകുകയായിരുന്നു. കുട്ടി ചതഞ്ഞരാണ് മരിച്ചതെന്ന് പോലീസ് പറയുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ലിഫ്റ്റിലാണ് അപകടം സംഭവിച്ചത്.

ഗുരുതരമായി പരിക്കേറ്റ 15കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹത്തില്‍ കഴുത്തുമുറുകിയ പാടുണ്ട്. ഹൈ ടെന്‍ഷന്‍ ഇലക്ട്രിക് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റതായി ഡോക്ടര്‍മാര്‍ പറയുന്നു. ഷാഫ്റ്റില്‍ കുടുങ്ങിയ 15കാരന്റെ മൃതദേഹം ഇലക്ട്രിക് വൈറല്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.

മരണവുമായി ബന്ധപ്പെട്ട് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഫാക്ടറി ഉടമയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അമ്മയുടെ കൂടെയാണ് കുട്ടി ഫാക്ടറിയില്‍ എത്തിയത്. കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഫാക്ടറിക്ക് പുറത്ത് പ്രതിഷേധിച്ചു.

Exit mobile version