ഡിജെയും പടക്കം പൊട്ടിക്കലും നൃത്തവും വേണ്ട: നിക്കാഹില്‍ പങ്കെടുക്കില്ലെന്ന് മുസ്ലീം സംഘടനകള്‍

ജാര്‍ഖണ്ഡ്: വിവാഹ ഘോഷയാത്രയില്‍ ഡിജെ, പടക്കം പൊട്ടിക്കല്‍, നൃത്തം തുടങ്ങിയവ വിലക്കി മുസ്ലിം സംഘടനകള്‍. ജാര്‍ഖണ്ഡ് ധന്‍ബാദിലെ 55 സംഘടനകളാണ് തീരുമാനമെടുത്തത്. നിയമം ലംഘിച്ചാല്‍ ഒരു പുരോഹിതനും നിക്കാഹില്‍ പങ്കെടുക്കില്ലെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. വാസിപൂരില്‍ തന്‍സീം ഉലമ അഹ്ലെ സുന്നത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംയുക്ത യോഗത്തിലാണ് സമവായത്തിലൂടെ തീരുമാനമെടുത്തത്.

ധന്‍ബാദിന് ശേഷം സംസ്ഥാനമൊട്ടാകെ ‘നിക്കാഹ് ആസാന്‍ കരോ’ എന്ന കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ടെന്ന് മൗലാന ഗുലാം സര്‍വാര്‍ ഖാദ്രി പറഞ്ഞു. വിവാഹ സമയത്തുള്ള അനാവശ്യമായ ആഘോഷങ്ങള്‍ മൂലം ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാകുകയാണെന്ന് യോഗത്തില്‍ പങ്കെടുത്ത മുസ്ലീം സമുദായത്തിന്റെ എല്ലാ പ്രതിനിധികളും സമ്മതിച്ചു.

ഇസ്ലാമിക വിശ്വാസങ്ങളും പാരമ്പര്യങ്ങളും ലംഘിച്ച് പടക്കങ്ങള്‍ പൊട്ടിച്ചും ഡിജെകളും നടത്തി അത്യാധുനികത വര്‍ധിപ്പിച്ചു. അതുകൊണ്ടാണ് ഇത്തരം വിവാഹങ്ങള്‍ കൂട്ടായി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി പണം ചെലവഴിക്കുന്നത് അവര്‍ക്ക് ഗുണം ചെയ്യും.

സാമൂഹിക ഉന്നമനത്തിലേക്കുള്ള ചുവടുവെപ്പായിരിക്കുമെന്ന് മുഫ്തി മുഹമ്മദ് റിസ്വാന്‍ അഹമ്മദ് പറഞ്ഞു. ജില്ലയിലെ ടോപ്ചഞ്ചി ബ്ലോക്കിലെ ലെഡാറ്റണ്ടിലെ 28 പഞ്ചായത്ത് ഗ്രാമങ്ങളിലെ മുസ്ലിംകളുടെ യോഗത്തിലും സ്ത്രീധനം നിരോധിക്കുന്നതിനുള്ള ചര്‍ച്ചയില്‍ സമാനമായ തീരുമാനമെടുത്തു.

Exit mobile version