മുസ്ലിം വിഭാഗത്തിന് അപമാനം: ‘പത്താന്‍’ സിനിമ വിലക്കണമെന്ന് മധ്യപ്രദേശ് ഉലമ ബോര്‍ഡ്

ഭോപ്പാല്‍: ദീപികാ പദുക്കോണിന്റെ വസ്ത്രത്തിന്റെ പേരില്‍ വിവാദമായ ഷാരൂഖ് ഖാന്‍ ചിത്രം പത്താനെതിരെ ബിജെപി നേതാക്കള്‍ക്ക് പിന്നാലെ മധ്യപ്രദേശിലെ ഉലമ ബോര്‍ഡും രംഗത്ത്. മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യിദ് അനസ് അലി ചിത്രം വിലക്കണമെന്നാണ് ആവശ്യപ്പെട്ടു. മുസ്ലീങ്ങള്‍ക്കിടയിലെ ആദരിക്കപ്പെടുന്ന വിഭാഗമാണ് പത്താന്‍ എന്നും ചിത്രത്തിലൂടെ ഈ വിഭാഗത്തെ അപമാനിക്കുകയാണെന്നും ആണ് ആരോപണം.

പത്താന്‍ എന്ന് പേരുള്ള സിനിമയില്‍ സ്ത്രീകള്‍ അല്‍പ വസ്ത്രം ധരിച്ച് നൃത്തം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നൃത്തരംഗത്തില്‍ നടി ദീപികാ പദുകോണ്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. കാവി നിറത്തിലുള്ള വേഷം ധരിച്ചതോടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നത്.

ഷാരൂഖ് ഖാനെയും ദീപികയെയും പ്രധാന കഥാപാത്രങ്ങളാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പത്താന്‍’. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ വില്ലനായ ജോണ്‍ എബ്രഹാമും ചിത്രത്തിലെത്തുന്നുണ്ട്.

ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 2023 ജനുവരി 25നാണ് തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയത്.

മധ്യപ്രദേശിലെ ബിജെപി നേതാക്കളുടെ പ്രസ്താവനയ്ക്ക് പിന്നാലെ ചിത്രത്തിന് പിന്തുണയുമായി നടന്‍ പ്രകാശ് രാജും എത്തിയിരുന്നു. ‘കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താല്‍ കുഴപ്പമില്ല. വിവാദ പ്രസംഗം നടത്തുന്നു. എംഎല്‍എമാര്‍ക്കായി ഇടനിലക്കാരാകുന്നു, കാവി വസ്ത്രം ധരിച്ച സ്വാമി പ്രായപൂര്‍ത്തിയാകാത്തവരെ ബലാത്സംഗം ചെയ്യുന്നു. അതൊന്നും പ്രശ്‌നമില്ല. എന്നാല്‍ ഒരു സിനിമയിലെ വസ്ത്രധാരണം പ്രശ്നമാക്കുന്നു’, എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

Exit mobile version