‘തിരിച്ചുവരവ് പ്ലാന്‍ ചെയ്യരുത്, 57 വയസുകാരന്റെ ഉപദേശമായി കണ്ടാല്‍ മതി’: ഷാരൂഖ് ഖാന്‍

വിവാദങ്ങളെ കാറ്റില്‍ പറത്തി രാജ്യത്തുടനീളം നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ് ഷാരൂഖ് ഖാന്റെ ‘പഠാന്’. ഇപ്പോഴിതാ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍. നമ്മള്‍ നമ്മുടെ തിരിച്ചുവരവ് ഒരിക്കലും പ്ലാന്‍ ചെയ്യരുതെന്നും എപ്പോഴും മുന്നോട്ട് പോകാന്‍ ശ്രമിക്കണമെന്നും നടന്‍ പറഞ്ഞു. ഒരു 57 വയസുകാരന്റെ ഉപദേശമായിട്ട് എടുത്താല്‍ മതിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് ഷാരൂഖിന്റെ പ്രതികരണം.

‘നിങ്ങള്‍ നിങ്ങളുടെ തിരിച്ചുവരവ് പ്ലാന്‍ ചെയ്യരുത്. മുന്നോട്ട് പോകാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്, ഒരിക്കലും പിന്നോട്ട് പോകരുത് എപ്പോഴും തുടങ്ങി വെച്ചത് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. ഒരു 57 വയസുകാരന്റെ ഉപദേശമായി കണ്ടാല്‍ മതി’, ഷാരൂഖ് ട്വീറ്റ് ചെയ്തു.

നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ‘പഠാനിലൂടെ’. ബോക്സ് ഓഫീസില്‍ രണ്ടാം ദിവസം, ഷാരൂഖ് ഖാന്റെ ചിത്രം ‘പഠാന്റെ’ ഹിന്ദി പതിപ്പിന് മാത്രം ഇന്ത്യയില്‍ മൊത്തം 68 കോടി നേടി. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് പങ്കുവെച്ച ഈ കണക്ക് ഹിന്ദി സിനിമകളില്‍ ഒരു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ രണ്ട് ദിവസം കൊണ്ട് 4.5 കോടി രൂപ നേടി. ലോകമെമ്പാടുമുള്ള രണ്ട് ദിവസത്തെ കളക്ഷന്‍ 200 കോടി രൂപയിലധികമാണ്.

Exit mobile version