അക്ബറിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ സത്യമില്ല, അദ്ദേഹം കുറ്റം ചെയ്തിട്ടില്ല ; അഭിഭാഷക

ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ട്വീറ്റ് ഉണ്ടാക്കിയ അപമാനത്തിന്റെ പേരിലാണ് മന്ത്രിസ്ഥാനം രാജിവെച്ചത്

ന്യൂഡല്‍ഹി: രാജിവെച്ച വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ താന്‍ നിരപരാധിയാണെന്ന വാദത്തില്‍ ഉറച്ചുനിന്നു. അക്ബറിനെതിരെയുളള ആരോപണങ്ങളില്‍ സത്യമില്ലെന്നും അദ്ദേഹം കുറ്റം ചെയ്തിട്ടില്ലെന്നും അഭിഭാഷക ഗീത ലുത്ര കോടതയില്‍ പറഞ്ഞു.

എന്നാല്‍ ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ട്വീറ്റ് ഉണ്ടാക്കിയ അപമാനത്തിന്റെ പേരിലാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. 1200ല്‍ അധികം ലൈക്കുകള്‍ നേടിയ ട്വീറ്റ് ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തക പ്രിയാ രമണി ആരോപണം ഉന്നയിച്ചുകൊണ്ടു നടത്തിയ ട്വീറ്റ് അക്ബറിന്റെ സല്‍പ്പേരിന് പരിഹരിക്കാനാകാത്ത കളങ്കമേല്‍പ്പിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷക പറഞ്ഞു.

ഹര്‍ജി പരിഗണിച്ചത് ഡല്‍ഹി അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമാര്‍ വിശാല്‍ ആണ്. അക്ബറിനോട് ഒക്ടോബര്‍ 31ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. അദ്ദേഹം കോടതിയില്‍ ഹാജരാകുമെന്നും അദ്ദേഹത്തിന്റെ വാദം തെളിയിക്കുന്നതിനായി ആറ് സാക്ഷികളെ ഹാജരാക്കുമെന്നും അഭിഭാഷക കോടതിയില്‍ പറഞ്ഞു.

മീ ടൂ കാംപെയിന്റെ ഭാഗമായി അക്ബറിനെതിരെവന്ന
ലൈംഗികാരോപണത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന്
രാജിവെക്കേണ്ടിവന്നത്. വിദേശ മാധ്യമപ്രവര്‍ത്തകയടക്കം 15 സ്ത്രീകള്‍ ആയിരുന്നു മീ ടൂ കാംപെയിനിലൂടെ എം ജെ അക്ബറിനെതിരെ ലൈംഗിക ആരോപണവുമായി രംഗത്തെത്തിയത്

Exit mobile version