വെയ്റ്റ് പ്ലേറ്റുകളും ഡംബെല്ലുകളും ഉപയോഗിച്ച് ശിവലിംഗം: ജിം ഉടമയുടെ കഴിവിനെ അഭിനന്ദിച്ച് സോഷ്യല്‍ലോകം

ജിമ്മിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ശിവലിംഗത്തിന്റെ മാതൃക നിര്‍മ്മിച്ച് ജിം ഉടമ. ഗ്വാളിയാറിലുള്ള ഒരു ജിം ഉടമയാണ് ഈ ശിവ ലിംഗം നിര്‍മ്മിച്ചിരിക്കുന്നത്.
ഇന്ത്യയിലെ വ്യത്യസ്തമായ സംഭവങ്ങളും ആളുകളുടെ വേറിട്ട കഴിവുകളും കാഴ്ച്ചക്കാരില്‍ എത്തിക്കുന്ന Colors of Bharat എന്ന ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വെയ്റ്റ് പ്ലേറ്റുകളും, ഡംബെല്ലുകളും, കയറുകളും ഉപയോഗിച്ച് നിര്‍മ്മിച്ച ശിവ ലിംഗത്തിന് മുന്നിലിരുന്ന് പ്രാര്‍ത്ഥിക്കുന്ന ഒരാളെയാണ് ചിത്രത്തില്‍ കാണുന്നത്. മാലകളും പൂക്കളും കൊണ്ട് ശിവലിംഗം അലങ്കരിച്ചിട്ടുമുണ്ട്. ശിവ ലിംഗത്തിന്റെ മുന്നില്‍ ഒരു വിളക്ക് കത്തിച്ചുവെച്ചിരിക്കുന്നതും കാണാം.

ജിം ഇന്‍സ്ട്രക്ടര്‍ തന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ചാണ് ശിവ ലിംഗം നിര്‍മ്മിച്ചതെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. ഒരു കുറവും വരുത്താതെയാണ് ഓരോ ഭാഗങ്ങളും അദ്ദേഹം നിര്‍മ്മിച്ചിരിക്കുന്നത്.

ശിവന്റെ നെറ്റിയില്‍ ചാര്‍ത്തിയിരിക്കുന്ന തിലകക്കുറിയ്ക്കായി പിങ്ക് നിറത്തിലുള്ള മൂന്ന് ഡംബെലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ”ഗ്വാളിയോറിലെ ഒരു ജിം ഉടമ ജിമ്മിലെ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒരു ശിവ ലിംഗം നിര്‍മ്മിച്ചിരിക്കുന്നു” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ജിം ഉടമയുടെ കഴിവിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ”അദ്ദേഹം ഭക്തിയില്‍ മുഴുകിയിരിക്കുന്നു, ഇതാണ് ഭക്തി എന്നതിനര്‍ത്ഥം” ഒരാള്‍ കുറിച്ചു. ഇതിനു പുറമെ ക്ലാപ്പ് ഇമോജികളും മറ്റും നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Exit mobile version