രാജ്യം അഭിവൃദ്ധിപ്പെടാന്‍ ഇന്ത്യന്‍ കറന്‍സിയില്‍ ഗണപതിയുടെയും ലക്ഷ്മിദേവിയുടെയും ചിത്രം വേണം: കെജരിവാള്‍

ന്യൂഡല്‍ഹി: ഇന്ത്യ അഭിവൃദ്ധി പ്രാപിക്കാന്‍ ഇന്ത്യന്‍ കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഗാന്ധിജിയുടെ രൂപത്തിനൊപ്പം ഗണപതിയുടെയും ലക്ഷ്മിദേവിയുടെയും രൂപം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കാര്യ ംആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് അയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ദൈവങ്ങളുടെ രൂപങ്ങള്‍ വയ്ക്കുന്നതുകൊണ്ട് ഗുണങ്ങളേറെയാണെന്നും കെജരിവാള്‍ എണ്ണിപ്പറയുന്നുണ്ട്.

രാജ്യം അഭിവൃദ്ധിപ്പെടും. കൂടാതെ, രാജ്യത്തെ മുന്‍പോട്ട് നയിക്കാന്‍ നമ്മുടെ ശ്രമങ്ങള്‍ മാത്രം പോരാ, സര്‍വേശ്വരന്റെ അനുഗ്രഹം കൂടി വേണമെന്നാണ് കെജരിവാള്‍ പറയുന്നത്. നിലവില്‍ ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേരിടുന്നത് തകര്‍ച്ചയാണെന്നും മുസ്ലിം രാജ്യമായ ഇന്തൊനീഷ്യ അവരുടെ 20,000 റുപ്പയ്യയില്‍ ഗണപതിയുടെ രൂപം പതിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ കറന്‍സി അച്ചടിക്കുമ്പോള്‍ ഒരു വശത്ത് ഗാന്ധിജിയുടെയും മറുവശത്ത് ലക്ഷ്മിദേവിയുടെയും ഗണപതിയുടെയും രൂപങ്ങള്‍ വയ്ക്കാം. പ്രധാനമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും ഉടന്‍ കത്തുനല്‍കുമെന്നും കേജ്രിവാള്‍ പറയുന്നു.

also read- ധനമന്ത്രി കെഎന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായി; മന്ത്രിയെ നീക്കണമെന്ന് ഗവര്‍ണര്‍; പറ്റില്ലെന്ന് മറുപടി നല്‍കി മുഖ്യമന്ത്രി

അതേസമയം കെജരിവാളിന്റേത് രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയുള്ള പരാമര്‍ശമെന്ന് ബിജെപി പ്രതികരിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന നേതാക്കളുള്ള എഎപി, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രസ്താവനയാണ് നടത്തുന്നതെന്നും ബിജെപി പ്രതികരിച്ചു. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന ആരോപണം ഉയര്‍ന്നതോടെ ഡല്‍ഹി എഎപി മന്ത്രി രാജേന്ദ്രപാല്‍ ഗൗതം കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് രാജിവച്ചിരുന്നു.

Exit mobile version