ദീപാവലി സമ്മാനമായി മധുരം കാത്തിരുന്ന ജീവനക്കാര്‍ക്ക് എട്ട് കാറും 18 ബൈക്കും സമ്മാനിച്ച് ജുവലറി ഉടമ! ഒന്നരക്കോടിയുടെ സമ്മാനം നല്‍കി ജയന്തിലാല്‍

ചെന്നൈ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ബോണസും മധുര പലഹാരങ്ങളുമെല്ലാം പല കമ്പനികളും നല്‍കാറുണ്ട്. ഇത്തരത്തില്‍ ഇത്തവണത്തെ ദീപാവലിക്ക് ബോണസ് പ്രതീക്ഷിച്ചിരുന്ന ജീവനക്കാരെ ഞെട്ടിച്ച് ജുവലറി ഉടമ സമ്മാനിച്ചത് ഒന്നരക്കോടിയുടെ സമ്മാനങ്ങള്‍.

ജുവലറിയുടെ വളര്‍ച്ചയ്ക്കായി പരിശ്രമിച്ച ജീവനക്കാര്‍ക്ക് കാറും ബൈക്കും സ്‌കൂട്ടറുകളും നല്‍കിയാണ് ഉടമ ജീവനക്കാരെ അമ്പരപ്പിച്ചത്. ചെന്നൈ ടി നഗറിലെ ചല്ലാനി ജുവലറി ഉടമ ജയന്തിലാല്‍ ചല്ലാനിയാണ് ഈ മഹാമനസ്‌കനായ ഉടമ.

എട്ടു പേര്‍ക്ക് കാറും 18 പേര്‍ക്ക് ഇരുചക്രവാഹനങ്ങളുമാണ് ജയന്തിലാല്‍ സമ്മാനിച്ചത്. തന്റെ സ്ഥാപനത്തിന്റെ വിജയത്തിന് പ്രധാനകാരണം അര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരാണെന്നും അവരെ സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് കരുതുന്നതെന്നും ജയന്തിലാല്‍ പറയുന്നു.

ഒന്നരക്കോടിയോളം രൂപ ഇതിനായി ചെലവഴിക്കുകയും ചെയ്തു. ഒമ്പത് വര്‍ഷം മുമ്പാണ് ചല്ലാനി ജൂവലറി ചെന്നൈ ടി നഗറില്‍ പ്രവര്‍ത്തനം തുടങ്ങിയത്. അക്കാലം തൊട്ട് കൂടെയുള്ള ജീവനക്കാര്‍ക്കാണ് ചല്ലാനിയുടെ സര്‍പ്രൈസ് ഗിഫ്റ്റ് ലഭിച്ചത്. അവര്‍ക്ക് മാരുതി സ്വിഫ്റ്റ് കാര്‍ നല്‍കുകയായിരുന്നു. മറ്റുള്ളവരില്‍ ഒമ്പതുപേര്‍ക്ക് വീതം ഹോണ്ട ഷൈന്‍ ബൈക്കും ഹോണ്ടാ ആക്ടിവ സ്‌കൂട്ടറും നല്‍കി.

ALSO READ- ‘കോള’ എന്ന് പറഞ്ഞ് സഹപാഠി നല്‍കിയത് ആസിഡ് അടങ്ങിയ ശീതളപാനീയം, ആരാണ് നല്‍കിയതെന്ന് കണ്ടെത്താനായില്ല, 11കാരന്റെ മരണത്തില്‍ അന്വേഷണം

ജുവലറി തുടങ്ങിയ സമയത്ത് ഏറെ പ്രതിസന്ധികള്‍ നേരിട്ടിരുന്നു. പിന്നീട് പടിപടിയായി വ്യാപാരം മെച്ചപ്പെട്ടിരുന്നു. ഇതിന് ജീവനക്കാരാണ് ഏറെ സഹായിച്ചത്. കോവിഡ് കാലത്തെ പ്രതിസന്ധിഘട്ടത്തിലും ജീവനക്കാര്‍ സ്ഥാപനത്തിന് ഒപ്പം നിന്നുവെന്നും അതിനാലാണ് ഇത്തരം ഒരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്നും ജയന്തിലാല്‍ പറയുന്നു.

അതേസമയം, ജീവനക്കാര്‍ക്ക് നല്‍കാനായി വാഹനങ്ങള്‍ നേരത്തേ തന്നെ വാങ്ങി വെച്ചിരുന്നുവെങ്കിലും ജീവനക്കാരെ ആരെയും ഇത് അറിയിച്ചിരുന്നില്ല. ദീപാവലി ആഘോഷത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം വന്നവര്‍ക്ക് അപ്രതീക്ഷിതമായി സമ്മാനം കൈമാറുകയായിരുന്നു.

Exit mobile version