മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല! സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി; സഭ ബുധനാഴ്ച വരെ പിരിഞ്ഞു

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്ല് ചര്‍ച്ചക്ക് എടുക്കാനുള്ള നീക്കത്തിനിടെ അണ്ണാഡിഎംകെ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം വയ്ക്കുകയായിരുന്നു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ബില്‍ പാസാക്കുന്നത് വൈകിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ കുറ്റപ്പെടുത്തി. തുടര്‍ന്നുണ്ടായ ബഹളത്തെ തുടര്‍ന്ന് ബുധനാഴ്ച വരെ സഭ പിരിഞ്ഞു.

പ്രതിപക്ഷത്തിന് മുന്‍തൂക്കമുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കുക സര്‍ക്കാരിനും വെല്ലുവിളിയാണ്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ഒറ്റക്കെട്ടായുള്ള ആവശ്യം വക വയ്ക്കാതെയാണ് സര്‍ക്കാര്‍ മുസ്ലിം വനിത വിവാഹ അവകാശ ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. പക്ഷെ രാജ്യസഭയില്‍ സര്‍ക്കാരിന് മതിയായ അംഗബലമില്ല.

Exit mobile version