റീല്‍സ് ചെയ്യുന്ന യുവാക്കള്‍ക്ക് വേണ്ടി പിടികൂടിയ പാമ്പിനെ തോളിലിട്ടു; 55കാരന് ദാരുണാന്ത്യം

ഉന്നാവോ: സമൂഹമാധ്യമങ്ങളില്‍ റീല്‍സ് ചെയ്യുന്ന യുവാക്കളുടെ ആവശ്യപ്രകാരം വിഷപ്പാമ്പിനെ കഴുത്തിലിട്ട 55കാരന് പാമ്പിന്റെ കടിയേറ്റ് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ ഔറസിലാണ് സംഭവം. ബജ്രംഗി സാധു എന്നയാളാണ് മരിച്ചത്.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വഴിയോര കച്ചവടക്കാരനാണ് മരിച്ച സാധു. സുഹൃത്തിന്റെ കടയില്‍ പാമ്പിനെ കണ്ടെന്ന വിവരം അറിഞ്ഞാണ് ഇയാള്‍ സ്ഥലത്ത് എത്തിയത്.

പാമ്പിനെ തല്ലിക്കൊല്ലാനാണ് പദ്ധതിയെന്ന് അറിഞ്ഞ സാധു ഇത് തടയുകയും പാമ്പിനെ പിടികൂടി കടയ്ക്ക് പുറത്തെത്തിക്കുകയും ചെയ്തു. ഈ സമയം മൊബൈല്‍ ഫോണുമായി കൂടി നിന്നവര്‍ റീല്‍സ് ചെയ്യാമെന്ന് പറയുകയും പാമ്പിനെ കഴുത്തില്‍ അണിയാന്‍ ഇയാളോട് നിര്‍ദേശിക്കുകയും ചെയ്തു.

ആള്‍ക്കൂട്ടം പറഞ്ഞതോടെ വിഷപ്പാമ്പിനെ കഴുത്തിലിട്ട് അദ്ദേഹം അഭ്യാസവും തുടങ്ങി. ഈ സമയമാണ് പാമ്പ് കഴുത്തില്‍ കടിച്ചത്. കടിയേറ്റ സാധുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version