റോഡരികില്‍ പ്രസവവേദനയില്‍ പിടഞ്ഞ് ഭിക്ഷാടക: അമ്മയ്ക്കും കുഞ്ഞിനും രക്ഷകയായി വനിതാ പോലീസുകാരി, രാജകുമാരിയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ ലോകം

ചെന്നൈ: റോഡരികില്‍ പ്രസവ വേദനയില്‍ പിടഞ്ഞ ഭിക്ഷാടകയ്ക്കും നവജാത ശിശുവിനും രക്ഷകയായി വനിതാ പോലീസുകാരി. വെല്ലൂരിനുസമീപമാണ് സംഭവം. റോഡരികില്‍ പ്രസവവേദനയില്‍ പിടഞ്ഞ ഭിക്ഷാടകയുടെ പ്രസവമെടുത്താണ് വെല്ലൂര്‍ സൗത്ത് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രാജകുമാരി കൈയ്യടികള്‍ നേടുന്നത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെയുള്ള ഷിഫ്റ്റില്‍ ജോലിക്ക് എത്തിയതായിരുന്നു രാജകുമാരി. ഒപ്പിടുന്നതിനിടെ പുറത്തുള്ള തുണിക്കടയ്ക്കു സമീപത്തുനിന്ന് സ്ത്രീയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു. ഉടനെ രാജകുമാരി അവിടെച്ചെന്നു നോക്കിയപ്പോള്‍ ഒരു ഭിക്ഷാടക പ്രസവവേദനയില്‍ പുളയുകയാണ്. അവള്‍ക്കൊപ്പം ആറുവയസ്സുള്ള ആണ്‍കുട്ടിയുമുണ്ടായിരുന്നു.

രാജകുമാരി ഉടന്‍ സ്റ്റേഷനിലേക്ക് ഓടിയെത്തി സബ് ഇന്‍സ്പെക്ടര്‍ പത്മനാഭനെയും വനിതാ കോണ്‍സ്റ്റബിള്‍ ശാന്തിയെയും സഹായത്തിനായി ഒപ്പംകൂട്ടി ഭിക്ഷാടകയുടെ പ്രസവമെടുത്തു.

ഇനിമുതല്‍ ഭിക്ഷാടനം നടത്തരുതെന്ന് ഉപദേശിച്ച് സ്ത്രീക്കും പെണ്‍കുഞ്ഞിനും ആവശ്യമായ വസ്ത്രങ്ങളും മറ്റു അത്യാവശ്യ സഹായങ്ങളും നല്‍കിയ ശേഷമാണ് രാജകുമാരി ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. രാജകുമാരിയ്ക്ക് നിറയെ അഭിനന്ദപ്രവാഹമാണ് സോഷ്യല്‍ ലോകത്ത്.

Exit mobile version