അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ ഗണേശ ചതുര്‍ഥി ആഘോഷം: 65 പേര്‍ക്ക് കാഴ്ച നഷ്ടമായി

മുംബൈ: ഗണേശ ചതുര്‍ഥി ഘോഷയാത്രയ്ക്കിടെ അതിതീവ്ര ലേസര്‍ വെളിച്ചത്തില്‍ നൃത്തം ചെയ്തതുമൂലം 65 പേര്‍ക്ക് കാഴ്ച നഷ്ടമായി. കഴിഞ്ഞ 12 ദിവസത്തിനിടെയാണ് സംഭവം. ലേസര്‍ ലൈറ്റുകള്‍ മിന്നിച്ചത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമായെന്നും ഇത് ഹൈപ്പോഗ്ലൈസീമിയക്ക് (രക്തത്തില്‍ ഗ്ലൂക്കോസിന്റെ അംശം കുറയുന്ന അവസ്ഥ) സമാനമായ സ്ഥിതിയിലേക്ക് നയിച്ചെന്നും നേത്രരോഗ വിദഗ്ദ്ധരുടെ സംഘടനയുടെ നേതാവ് ഡോ. അഭിജിത് ടഗാരേ ചൂണ്ടിക്കാട്ടി.

തീവ്രവെളിച്ചത്തില്‍ ഏറെനേരം നൃത്തം ചെയ്തത് റെറ്റിനയില്‍ രക്തസ്രാവമുണ്ടാക്കി. തുടര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. അതിതീവ്ര ലേസര്‍ വെളിച്ചം വൈദ്യ, വ്യവസായിക ആവശ്യങ്ങള്‍ക്കാണ് പൊതുവേ ഉപയോഗിക്കുക. നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇവ ഘോഷയാത്രയില്‍ ഉപയോഗിച്ചതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമായത്.

ലേസര്‍ ലൈറ്റുകള്‍ അടിക്കുന്ന സാഹചര്യത്തില്‍ ചില ആളുകള്‍ മണിക്കൂറുകളോളം നൃത്തം ചെയ്തു. ഇത് കണ്ണിനുള്ളില്‍, റെറ്റിനയില്‍ രക്തസ്രാവത്തിനും അത് വഴി കാഴ്ച്ചാനഷ്ടത്തിനും കാരണമായി,’ ഡോക്ടര്‍ വ്യക്തമാക്കി. കഴിഞ്ഞ 10-12 ദിവസത്തിനുള്ളില്‍ ജില്ലയില്‍ മാത്രം 65 പേര്‍ക്ക് കാഴ്ച്ച പോയി. ഇവരില്‍ ഭൂരിഭാഗം പേരും യുവാക്കളാണെന്നും ടഗാരേ വ്യക്തമാക്കി.

Read Also: ചടയമംഗലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍; ഗാര്‍ഹിക പീഡനമെന്ന് പരാതി

കണ്ണില്‍ നീര്, ക്ഷീണം, കണ്ണ് വരണ്ടിരിക്കുക, തലവേദന, കണ്ണെരിച്ചില്‍, എന്നിവയായിരുന്നു ലക്ഷണങ്ങള്‍. ഇത് ചികിത്സിക്കാന്‍ കഴിയും. സര്‍ജറി നടത്തേണ്ടി വരും. പക്ഷെ, ചികിത്സാച്ചെലവ് വളരെ കൂടുതലാണ്,’ ഡോക്ടര്‍ ചൂണ്ടിക്കാട്ടി.

ലേസര്‍ ലൈറ്റുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നതിനേക്കുറിച്ച് നിര്‍മ്മാതാക്കള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലൈറ്റുകളുടെ തീവ്രത 10 വാട്സില്‍ താഴെ മാത്രമേ ആകാന്‍ പാടുള്ളൂ. ലൈറ്റുകള്‍ ഒരേ സ്ഥലത്തേക്ക് തന്നെ കുറേ നേരം ഫോക്കസ് ചെയ്ത് വെയ്ക്കാന്‍ പാടില്ല. കണ്ണിലേക്ക് ലേസര്‍ അടിക്കരുത് തുടങ്ങിയ കാര്യങ്ങള്‍. പക്ഷെ, ഓപ്പറേറ്റര്‍മാര്‍ പ്രദക്ഷിണത്തിനിടെ പരമാവധി തീവ്രത കൂട്ടിയാണ് ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ചതെന്നും അഭിജിത് ടഗാരേ വ്യക്തമാക്കി.

Exit mobile version