‘വൃത്തിയായി സെര്‍വ് ചെയ്ത രുചികരമായ ഭക്ഷണം’, ട്രെയിനിലെ ഭക്ഷണത്തെ കുറിച്ച് മന്ത്രി; പിന്നാലെ പ്രതിഷേധപ്പെരുമഴ

നാഗാലാന്‍ഡ്: പണം നല്‍കി വാങ്ങിക്കുന്ന ഭക്ഷണം മോശമായാല്‍ പ്രതിഷേധം ഉയരും. ഇത്തരത്തില്‍ പലപ്പോഴും വിമര്‍ശനം നേരിടാറുള്ളതാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനില്‍ കിട്ടുന്ന ഭക്ഷണങ്ങളുടെ വൃത്തിയില്ലായ്മ എപ്പോഴും വാര്‍ത്തയാകാറുണ്ട്. ബിരിയാണി, ചായ, ഊണ് എല്ലാം ഇങ്ങനെ വിമര്‍ശനത്തിന് പാത്രമാകാറുണ്ട്. വളരെ അപൂര്‍വമായേ ട്രെയിന്‍ ഭക്ഷണം നല്ലതാണെന്ന് അഭിപ്രായം ഉയരാറുള്ളൂ.

ഇപ്പോഴിതാ നാഗാലാന്‍ഡില്‍ നിന്നുള്ള മന്ത്രി ടെംജെന്‍ ഇംന ട്വിറ്ററില്‍ പങ്കുവച്ചൊരു ഫോട്ടോയാണ് വിവാദമാകുന്നത്. ഗുവാഹത്തിയില്‍ നിന്ന് ദിമാപൂരിലേക്ക് രാജധാനി എക്‌സ്പ്രസില്‍ യാത്ര ചെയ്ത മന്ത്രി ട്രെയിനില്‍ വച്ച് കഴിച്ച ഭക്ഷണത്തിന്റെ ഫോട്ടോ ആണ് പങ്കുവച്ചിരുന്നു.

മാത്രമല്ല, ട്രെയിന്‍ ഭക്ഷണം നല്ലതാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ചോറ്, പരിപ്പ്, കറി, തൈര്, ഓംലെറ്റ് എന്നിവയാണ് പാത്രത്തില്‍ കാണുന്നത്. കാഴ്ചയ്ക്ക് തന്നെ വൃത്തിയായി സെര്‍വ് ചെയ്ത ഭക്ഷണമാണിത്. ഇതേ അഭിപ്രായം തന്നെയാണ് മന്ത്രിയും പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ ട്വീറ്റിന് താഴെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി എത്തിയിരിക്കുന്നത്.
ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണം ഒട്ടും രുചികരമോ, വൃത്തിയുള്ളതോ, ആരോഗ്യകരമോ അല്ലെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. പലരും തങ്ങളുടെ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

അതേസമയം, മന്ത്രിയായതിനാലാണ് ഇംനയ്ക്ക് ഇത്തരത്തിലുള്ള സ്വീകരണം ട്രെയിനില്‍ ലഭിച്ചതെന്നും ഇത് സാധാരണക്കാര്‍ പ്രതീക്ഷിക്കേണ്ടെന്നും കമന്റുകളുണ്ട്.

ഇതിനിടെ മന്ത്രിയുടെ ട്വീറ്റിന് ഇന്ത്യന്‍ റെയില്‍വേ നന്ദി അറിയിച്ചു. എന്നാല്‍ വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ മന്ത്രി റെയില്‍വേ ടീമിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Exit mobile version