50 ലക്ഷം രൂപ നല്‍കുന്നത് എന്റെ അച്ഛന്റെ ജീവന്റെ വിലയാണോ..? എത്ര തുക ലഭിച്ചാലും അത് എന്റെ അച്ഛന് പകരമാകുമോ…? യോഗി ആദിത്യനാഥിനോട് ആരാഞ്ഞ് കൊല്ലപ്പെട്ട പോലീസുദ്യോഗസ്ഥന്റെ മകന്‍

കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുരേഷ് വത്സിന്റെ ഭാര്യയ്ക്ക് 40 ലക്ഷം രൂപയും മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപയുമായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്.

ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ചോദ്യങ്ങള്‍ ഒന്നൊന്നായി ഉയര്‍ത്തി ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ പ്രതിഷേധ പ്രകടനത്തിനിടെ നാട്ടുകൂട്ടം കല്ലെറിഞ്ഞു കൊന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍. പിതാവിന്റെ വിയോഗത്തില്‍ മകന്‍ വിപി സിങ് പൊട്ടി കരഞ്ഞുകൊണ്ടാണ് സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ആരായുന്നത്.

പോലീസില്‍ നിന്നും തങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും സ്വന്തം ജീവനക്കാര്‍ക്ക് പോലും സംരക്ഷണം നല്‍കാനാവാത്ത ഡിപാര്‍ട്മെന്റായി പോലീസ് മാറിയിരിക്കുന്നെന്നും വിപി സിങ് പറഞ്ഞു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് എന്റെ അച്ഛന്റെ ജീവന്റെ വിലയാണോ? ഇതുകൊണ്ട് ഞങ്ങള്‍ എന്ത് ചെയ്യണമെന്നാണ്? അച്ഛന് പകരം ഈ തുക ലഭിച്ചതുകൊണ്ട് എന്തുകാര്യം- വിപി സിങ് നിറകണ്ണുകളോടെ ചോദിക്കുന്നു.

കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുരേഷ് വത്സിന്റെ ഭാര്യയ്ക്ക് 40 ലക്ഷം രൂപയും മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപയുമായിരുന്നു യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്. ഇന്നലെ ഗാസിപൂരില്‍ പ്രധാനമന്ത്രി പങ്കെടുത്ത റാലി കഴിഞ്ഞതിന് പിന്നാലെയായിരുന്നു അക്രമ സംഭവം. നിഷാദ് സമുദായക്കാര്‍ സംവരണം വേണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു അക്രമമുണ്ടായത്. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത്.

Exit mobile version