സിഖ് കൂട്ടക്കൊലക്കേസ്: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയില്‍ കീഴടങ്ങും

ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്ക് എതിരെ സജ്ജന്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: സിഖ് കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജന്‍ കുമാര്‍ ഇന്ന് കോടതിയില്‍ കീഴടങ്ങിയേക്കും. ഡല്‍ഹി ഹൈക്കോടതിയാണ് സജ്ജന്‍ കുമാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്. നേരത്തെ കീഴടങ്ങാന്‍ ഒരു മാസത്തെ സാവകാശം ചോദിച്ചു സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് കീഴടങ്ങിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ഡല്‍ഹി ഹൈക്കോടതി വിധിക്ക് എതിരെ സജ്ജന്‍ കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന 1984 ലെ സിഖ് വിരുദ്ധ കലാപകേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.

ഈ നടപടിയാണ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വിചാരണ കോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലിലായിരുന്നു വിധി. കലാപത്തിനിടെ രാജ്‌ന?ഗറിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. 34 വര്‍ഷത്തിന് ശേഷമാണ് സജ്ജന്‍ കുമാറിന് ശിക്ഷ വിധിച്ചത്.

Exit mobile version