അക്ഷയ് കുമാര്‍, ഇന്ത്യയിലെ ഏറ്റവും വലിയ നികുതി ദായകന്‍; അഭിനന്ദിച്ച് ആദായനികുതി വകുപ്പ്

മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന വ്യക്തിയായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. കൃത്യമായി വലിയ തുക നികുതി അടയ്ക്കുന്ന താരത്തിനെ അഭിനന്ദിച്ച് ആദായനികുതി വകുപ്പ് ബഹുമതി പത്രം നല്‍കി.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഏറ്റവും ഉയര്‍ന്ന നികുതിദായകന്‍ എന്ന പദവി അക്ഷയ് കുമാര്‍ നിലനിര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

താരത്തിനെ അഭിനന്ദിച്ച് ട്വീറ്റുകളും നിറഞ്ഞു. ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ നടനല്ല, എങ്കിലും ഏറ്റവും കൂടുതല്‍ ടാക്‌സ് അടയ്ക്കുന്ന നടനാണ് എന്ന് ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു. കനേഡിയന്‍ എന്നു വിളിക്കുന്നതിനു മുന്‍പ് അക്ഷയ്കുമാര്‍ ഹേറ്റേര്‍സ് ഒരു കാര്യം ചിന്തിക്കണം, ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അദ്ദേഹത്തിനു അഭിനന്ദനപത്രം നല്‍കിയിരിക്കുന്നു എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

ടിനു ദേശായിക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കില്‍ യുകെയിലാണ് താരമിപ്പോള്‍. അതിനാല്‍ നടന് വേണ്ടി അദ്ദേഹത്തിന്റെ ടീം ബഹുമതി പത്രം ഏറ്റുവാങ്ങി.

ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടനാണ് അക്ഷയ് കുമാര്‍. മറ്റ് താരങ്ങളെ അപേക്ഷിച്ച് ഒരു വര്‍ഷം തന്നെ നിരവധി സിനിമകളിലാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. ഏറ്റവും അവസാനമായി അക്ഷയ് കുമാറിന്റെ പുറത്തിറങ്ങിയ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് ആണ്. വലിയ പ്രതീക്ഷയിലെത്തിയ ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളില്‍ പരാജയമായിരുന്നു. രക്ഷാബന്ധനാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന അക്ഷയ്കുമാര്‍ ചിത്രം.

Exit mobile version