അധ്യാപകന് സ്ഥലം മാറ്റം : പൊട്ടിക്കരഞ്ഞ് യാത്രയാക്കി വിദ്യാര്‍ഥികള്‍, ഹൃദയം തൊടുന്ന വീഡിയോ

Students | Bignewslive

ശ്രീനഗര്‍ : ട്രാന്‍സ്ഫര്‍ ലഭിച്ച അധ്യാപകനെ പൊട്ടിക്കരഞ്ഞ് കൊണ്ട് യാത്രയാക്കുന്ന കുട്ടികളുടെ വീഡിയോ വൈറലാകുന്നു. കശ്മീരിലെ ബുദ്ഗാമില്‍ നിന്നുള്ളതാണ് വീഡിയോ. സ്ഥലം മാറ്റം ലഭിച്ച തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കരഞ്ഞുകൊണ്ട് പിന്തുടരുന്നതാണ് വീഡിയോയിലുള്ളത്.

വിദ്യാര്‍ഥികളോടും സ്‌കൂളിനോടും വിടപറഞ്ഞ് അമരീന്ദര്‍ സിങ് എന്ന അധ്യാപകന്‍ യാത്രയാകുമ്പോള്‍ പൊട്ടിക്കരച്ചിലുകളാണ് അദ്ദേഹത്തെ സംഗമിക്കുന്നത്. അധ്യാപകന്‍ സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ കയറുമ്പോള്‍ വിദ്യാര്‍ഥികള്‍ ഉറക്കെ കരയുന്നത് കേള്‍ക്കാം. ഈ സമയം അധ്യാപകനും വേദനയോടെ കൈവീശുന്നുണ്ട്.

സിഖ് ഫിസിഷ്യനായ ഹര്‍പ്രീത് സിങ് ആണ് ട്വിറ്ററില്‍ ആദ്യമായി വീഡിയോ ഷെയര്‍ ചെയ്തത്. ഇത്തരമൊരു വികാരനിര്‍ഭരമായ രംഗം അത്യപൂര്‍വമാണെന്നും മികച്ച അധ്യാപകര്‍ക്കേ ഇതിന് സാധിക്കൂ എന്നുമുള്ള ക്യാപ്ഷനോടെയായിരുന്നു ട്വീറ്റ്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ അധ്യാപകനെ പ്രശംസിച്ച് രംഗത്തെത്തി.

കുട്ടികളാവുക എന്നാല്‍ നിരുപാധികമായി സ്‌നേഹിക്കാന്‍ കഴിവുള്ളവരാവുക എന്നതാണെന്നും വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള ആത്മബന്ധം ഒരിക്കലും മതത്തിന്റെയോ ജാതിയുടെയോ പേരിലുള്ളതാവരുതെന്നതിന് ഉത്തമ ഉദ്ദാഹരണമാണ് വീഡിയോ എന്നും പലരും കമന്റ് ചെയ്തു.

Exit mobile version