14 നില; ഒരു കോടി സ്‌ക്വയർഫീറ്റ് വിസ്തീർണം; ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി അമൃതാനന്ദമയി മഠത്തിന്റെത്; ഫരീദാബാദിൽ ഇദ്ഘാടനത്തിന് ഒരുങ്ങി

ഫരീദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി ഇനി മാതാ അമൃതാനന്ദമയി മഠത്തിന് സ്വന്തം. ഹരിയാനയിലെ ഫരീദാബാദിൽ ആരംഭിക്കുന്ന അമൃത ആശുപത്രി ഉദ്ഘാടനത്തിന് ഒരുങ്ങിയിരിക്കുകയാണ്. ഓഗസ്റ്റിലാണ് പ്രവർത്തനം ആരംഭിക്കുക.

ഒരു കോടി ചതുരശ്ര അടി വിസ്തീർണവും 2,400 കിടക്കകളുമുള്ള ആശുപത്രി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണിത്. 25 വർഷം പിന്നിട്ട കൊച്ചിയിലെ അമൃത ആശുപത്രിയുടെ തന്നെ തുടർച്ചയായാണ് ഈ ആശുപത്രിയും പ്രവർത്തിക്കുക. ഫരീദാബാദിലെ സെക്ടർ 88ലാണ് 14 നിലകളുള്ള ടവർ ഉൾപ്പെടെയുള്ള ആശുപത്രി സമുച്ചയം സ്ഥിതി ചെയ്യുന്നത്.

500 കിടക്കകളുമായാണ് ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ 750 കിടക്കകളും അഞ്ച് വർഷത്തിനുള്ളിൽ 1000 കിടക്കകളും സജ്ജമാക്കും. പൂർണ്ണമായി സജ്ജമാകുമ്പോൾ എണ്ണൂറിലധികം ഡോക്ടർമാരുൾപ്പെടെ പതിനായിരത്തിലധികം ജീവനക്കാരും 534 ക്രിട്ടിക്കൽ കെയർ ബെഡുകൾ ഉൾപ്പെടെ ആകെ 2,400 കിടക്കകളുണ്ടാകുമെന്ന് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ജീവ് കെ സിങ് പറഞ്ഞു.

also read- മാതൃഭാഷ രാജസ്ഥാനി; ആഗ്രഹം മലയാളം അധ്യാപികയാവാൻ: ഖുഷിക്ക് കൈത്താങ്ങായി കാസർകോട്ടെ നാട്ടുകാരും

ഓങ്കോളജി, കാർഡിയാക് സയൻസസ്, ന്യൂറോ സയൻസസ്, ഗ്യാസ്ട്രോ സയൻസസ്, റിനൽ സയൻസസ്, ബോൺ ഡിസീസ് ആൻഡ് ട്രോമ, ട്രാൻസ്പ്ലാന്റ്സ്, മാതൃശിശു വിഭാഗവും എട്ട് മികവിന്റെ കേന്ദ്രങ്ങൾ ഉൾപ്പെടെ 81 സ്പെഷ്യാലിറ്റി വിഭാഗങ്ങളും ആശുപത്രിയിലുണ്ട്.

Exit mobile version