ഒരുലക്ഷത്തിലേറെ പേര്‍ക്ക് അന്നദാനം, 18,000 കുട്ടികള്‍ക്ക് സദ്യ; വിവാഹദിനത്തില്‍ മാതൃകയായി നയന്‍ താരയും വിഘ്നേഷും

ചെന്നൈ: തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന താരവിവാഹമാണ് നയന്‍ താരയുടെയും വിഘ്നേഷിന്റേതും. ആഢംബരവിവാഹം മാത്രമല്ല, താരങ്ങളുടേത്. വിവാഹദിനത്തില്‍ തമിഴ്നാട്ടിലുടനീളം 18,000 കുട്ടികള്‍ക്കും ഒരു ലക്ഷത്തിലധികം പേര്‍ക്ക് സദ്യയൊരുക്കിയിരിക്കുകയാണ് നയന്‍ താരയും വിഘ്നേഷും.

മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു താരങ്ങളുടെ വിവാഹം. ചടങ്ങിലേക്ക് വളരെ കുറച്ച് ആളുകള്‍ക്കേ ക്ഷണമുള്ളൂവെങ്കിലും ഒരുലക്ഷത്തിനു മുകളില്‍ ആളുകള്‍ വിവാഹസദ്യ കഴിക്കും. തങ്ങളുടെ വിവാഹം കൊണ്ട് സമൂഹത്തിന് വലിയൊരു മാതൃക കാട്ടുക എന്ന ഉദ്ദേശ്യത്തോടെയാണ് നയനും വിഘ്നേഷും ഇത്രയും ആളുകള്‍ക്കായി ഉച്ച ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്. തമിഴ്നാട്ടിലുടനീളം 18,000 കുട്ടികള്‍ക്കും ഉച്ചഭക്ഷണം നല്‍കും.

സമ്പാദ്യത്തിലൊരു പങ്ക് എന്നും സമൂഹത്തിനായി തിരിച്ചു നല്‍കണമെന്നു വിശ്വസിക്കുന്നവരാണ് നയന്‍താരയും വിഘ്നേഷ് ശിവനും. അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം 18,000 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിലൂടെ സമൂഹത്തിന് വലിയൊരു മാതൃകയായി മാറുകയാണ് ദമ്പതികള്‍. താരങ്ങളുടെ ആരാധകര്‍ ഈ തീരുമാനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

മഹാബലിപുരത്തെ ഷെറാട്ടണ്‍ പാര്‍ക്കില്‍ നടന്ന സ്വപ്നതുല്യമായ ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. നയന്‍താരയുടെയും വിഘ്നേഷിന്റെയും ഏഴുവര്‍ഷത്തെ പ്രണയമാണ് യാഥാര്‍ഥ്യമായത്. ഹിന്ദു മതാചാര പ്രകാരമായിരുന്നു ചടങ്ങുകള്‍ നടന്നത്. രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകള്‍ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. രജനീകാന്ത്, കമല്‍ഹാസന്‍, അജിത്,ചിരഞ്ജീവി ഷാരൂഖ് ഖാന്‍, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, സംവിധായകന്‍ മണിരത്‌നം ഉള്‍പ്പെടെയുള്ളവര്‍ വധൂവരന്‍മാരെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു.

വിവാഹചിത്രങ്ങള്‍ ഉച്ചക്ക് ശേഷം പുറത്തുവിടും. വിവാഹത്തിന് മുന്നോടിയായി വിഘ്നേഷ് ശിവന്‍ മാധ്യമങ്ങളെ കാണുകയും വിവാഹ തിയതി പുറത്തുവിടുകയും ചെയ്തിരുന്നു. ജൂണ്‍ 9 ഉച്ചക്ക് ശേഷം വിവാഹചിത്രങ്ങള്‍ ചിത്രങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Exit mobile version