ഗര്‍ഭിണിയായിരിക്കെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന് എച്ച്‌ഐവി ബാധിച്ചു; ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്

ജനിച്ച കുഞ്ഞിന് എച്ചഐവി ബാധ ഇല്ലായിരുന്നു.

ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്ത്. ഗര്‍ഭിണിയായിരിക്കെ രക്തം സ്വീകരിച്ചതിനെ തുടര്‍ന്നാണ് തനിയ്ക്ക് എച്ച്‌ഐവി ബാധയേറ്റതെന്ന് യുവതി ആരോപിക്കുന്നു. കഴിഞ്ഞ ദിവസവും സര്‍ക്കാര്‍ ആശുപത്രിയ്‌ക്കെതിരെ ആരോപണവുമായി യുവതി രംഗത്ത് വന്നിരുന്നു.

എട്ടുമാസംമുമ്പ് ചെന്നൈ കില്‍പ്പോക്ക് മെഡിക്കല്‍ കോളേജില്‍നിന്ന് (കെഎംസി) രക്തം സ്വീകരിച്ചതിനുശേഷം എച്ച്‌ഐവി. ബാധിച്ചെന്നാണ് ചെന്നൈ മാങ്കാട് സ്വദേശിയായ മുപ്പതുകാരിയുടെ ആരോപണം. എന്നാലിത് കെഎംസി അധികൃതര്‍ തീര്‍ത്തും നിഷേധിച്ചു. നാലുമാസം ഗര്‍ഭിണിയായിരിക്കെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവുകുറഞ്ഞതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് യുവതി കെഎംസിയില്‍ ചികിത്സയ്ക്കായെത്തിയത്. മുമ്പ് മറ്റൊരു ആശുപത്രിയില്‍ രക്തംപരിശോധിച്ചപ്പോള്‍ എച്ച്‌ഐവി നെഗറ്റീവ് ഫലമായിരുന്നു.

ശേഷം കെഎംസിയില്‍നിന്ന് ആദ്യതവണ രക്തം സ്വീകരിച്ച താന്‍ രണ്ടുമാസത്തിനുശേഷം വീണ്ടും ചെന്നു. അപ്പോള്‍ തന്റെയും ഭര്‍ത്താവിന്റെയും രക്തം വീണ്ടും പരിശോധിച്ചെന്നും തനിക്ക് എച്ച്‌ഐവി ബാധ കണ്ടെത്തിയെന്നും ഇവര്‍ പറഞ്ഞു. പക്ഷേ ജനിച്ച കുഞ്ഞിന് എച്ചഐവി ബാധ ഇല്ലായിരുന്നു. ഇതാണ് ഇവര്‍ക്ക് ആശ്വാസമായത്. സ്വീകരിച്ച രക്തത്തില്‍ വൈറസ് ബാധയുണ്ടായിരുന്നുവെന്ന് ഇരുവരും ആരോപിച്ചു.

പരാതിനല്‍കിയിട്ടും നടപടിയില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. പരാതിയെത്തുടര്‍ന്ന് പ്രത്യേകസമിതി അന്വേഷിച്ചിരുന്നെന്നും ദാതാവിന്റെ രക്തപരിശോധനയില്‍ എച്ച്‌ഐവി ബാധ കണ്ടെത്തിയിട്ടില്ലെന്നും കെഎംസി. ഡീന്‍ ഡോ പി വസന്തമണി പറഞ്ഞു. മറ്റൊരാശുപത്രിയില്‍ ആദ്യം നടത്തിയ പരിശോധനയില്‍ പിഴവുണ്ടായതിനാലായിരിക്കാം തുടക്കത്തില്‍ എച്ച്‌ഐവി ബാധ കണ്ടെത്താന്‍ സാധിക്കാതെ വന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Exit mobile version