വിവാദ പരാമര്‍ശം : ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ന്യൂഡല്‍ഹി : ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ പാര്‍ട്ടിയുടെ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി. പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമ വിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

നൂപുറിന്റെ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറുന്നതിനിടെയാണ് ബിജെപിയുടെ നടപടി. നേരത്തേ ബിജെപി എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിക്കുന്നുവെന്ന് കാട്ടി പാര്‍ട്ടി പ്രസ്താവനയിറക്കിയിരുന്നു. ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് നിന്ന് വക്താവ് അരുണ്‍ സിംഗ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലായിരുന്നു പ്രസ്താവന. എന്നാല്‍ നൂപുറിന്റെ വിവാദപരാമര്‍ശത്തെക്കുറിച്ച് വാര്‍ത്താക്കുറിപ്പില്‍ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നൂപുറിനെതിരെയുള്ള നടപടി.

ഗ്യാന്‍വാപി സംഭവത്തെ കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ ഇസ്ലാമിലെ ചില കാര്യങ്ങള്‍ പരിഹാസപാത്രമാണെന്ന് നൂപുര്‍ പറഞ്ഞതിനെച്ചൊല്ലിയാണ് വിവാദം ഉടലെടുത്തത്.

Also read : ‘ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു’ : വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി പാര്‍ട്ടി

വിവാദ പരാമര്‍ശത്തിനെതിരെ മുസ്ലിം വിഭാഗം ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ സംഘടിപ്പിച്ച ഹര്‍ത്താല്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ 20 പോലീസുകാരുള്‍പ്പടെ 40 പേര്‍ക്ക് പരിക്കേറ്റു. ഇതുവരെ 36 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1500 പേര്‍ക്കെതിരെ കേസെടുത്തു.

Exit mobile version