‘ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു’ : വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി പാര്‍ട്ടി

ന്യൂഡല്‍ഹി : എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നിലപാടാണ് ബിജെപിക്കുള്ളതെന്നും ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും ബിജെപി. മുഹമ്മദ് നബിയ്‌ക്കെതിരെ ബിജെപി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ വ്യാപക പ്രതിഷേധവും സംഘര്‍ഷവും തുടരുന്നതിനിടെയാണ് പാര്‍ട്ടിയുടെ പ്രതികരണം.

ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് നിന്ന് വക്താവ് അരുണ്‍ സിംഗ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് പ്രസ്താവന. എന്നാല്‍ നൂപുറിന്റെ വിവാദപരാമര്‍ശത്തെക്കുറിച്ച് വാര്‍ത്താക്കുറിപ്പില്‍ ഒന്നും തന്നെ പറയുന്നില്ല. “ഇന്ത്യയുടെ ആയിരത്തിലധികം വര്‍ഷത്തെ ചരിത്രത്തില്‍ നിരവധി മതങ്ങള്‍ ഉണ്ടാവുകയും വളരുകയും ചെയ്തിട്ടുണ്ട്. ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതൊരു മതത്തിന്റെയും പ്രമുഖ വ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബിജെപി പ്രോത്സാഹിപ്പിക്കുന്നില്ല. അത്തരം പ്രവണതകള്‍ക്ക് പാര്‍ട്ടി എതിരാണ്.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഏതൊരു പൗരനും അവകാശം നല്‍കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ എല്ലാവരും തുല്യതയോടെ അന്തസ്സോട് കൂടി ജീവിക്കുന്ന ഒരു രാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇന്ത്യയുടെ ഐക്യത്തിനും കെട്ടുറപ്പിനുമായി എല്ലാവരും ഒന്നിച്ച് നില്‍ക്കണം. എല്ലാവരും വികസനത്തിന്റെ ഫലങ്ങള്‍ രുചിക്കണം”. ബിജെപി പ്രസ്താവനയില്‍ പറഞ്ഞു.

ചാനല്‍ ചര്‍ച്ചയിലാണ് പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നൂപുര്‍ ശര്‍മ വിവാദ പരാമര്‍ശമുയര്‍ത്തിയത്. ഇതിനെതിരെ മുസ്ലിം വിഭാഗം ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ സംഘടിപ്പിച്ച ഹര്‍ത്താല്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ 20 പോലീസുകാരുള്‍പ്പടെ 40 പേര്‍ക്ക് പരിക്കേറ്റു. ഇതുവരെ 36 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1500 പേര്‍ക്കെതിരെ കേസെടുത്തു.

Exit mobile version