സുരക്ഷ പിന്‍വലിച്ചു; ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു

ചണ്ഡിഗഢ്: സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയില്‍ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്.

സിദ്ദുവും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുമ്പോള്‍ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ സിദ്ദു ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരുക്കേറ്റ സിദ്ദു മൂസേവാലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തന്റെ പാട്ടുകളിലൂടെ തോക്കിനെയും ആക്രമത്തെയും മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച് 29കാരനായ സിദ്ദു മൂസേവാലക്കെതിരെ നിരവധി കേസുകളുണ്ട്. ഏറെ ജനപ്രിയമായ മൂസേവാലയുടെ റാപ്പിന് ദശലക്ഷക്കണക്കിന് ആരാധകരുണ്ട്.

സിദ്ദു മൂസെവാല ഉള്‍പ്പെടെയുളള 424 പേരുടെ സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. ശുഭ്ദീപ് സിങ് സിദ്ദു എന്നാണ് സിദ്ദു മൂസേവാലയുടെ ശരിയായ പേര്.

2022ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മാന്‍സ ജില്ലയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നെങ്കിലും ആം ആദ്മിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു. വെടിവച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version