റോക്കി ഭായിയെ അനുകരിച്ച് പുകച്ച് തള്ളിയത് 1 പാക്കറ്റ് സിഗരറ്റ്, ചുമയും തൊണ്ടവേദനയും അസഹനീയം : 15കാരന്‍ ആശുപത്രിയില്‍

ഹൈദരാബാദ് : കെജിഎഫ് 2ലെ നായകന്‍ റോക്കി ഭായിയെ അനുകരിച്ച് 15കാരന്‍ ആശുപത്രിയില്‍. റോക്കി ഭായിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരു പാക്കറ്റ് സിഗരറ്റാണ് കുട്ടി പുകച്ചു തള്ളിയത്. ഹൈദരാബാദിലാണ് സംഭവം.

സിഗരറ്റ് വലിച്ച് ചുമയും തൊണ്ടവേദനയും അസഹനീയമായതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസത്തിനിടെ മൂന്ന് തവണയാണ് കുട്ടി കെജിഎഫ് 2 കണ്ടത്. തുടര്‍ന്ന് റോക്കിഭായിയുടെ പ്രകടനത്തില്‍ ആവേശഭരിതനായി സിഗരറ്റ് വലിയ്ക്കുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ കടുത്തതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കൗണ്‍സിലിംഗും നല്‍കിയാണ് ആശുപത്രി അധികൃതര്‍ പറഞ്ഞയച്ചത്. കുട്ടി സുഖം പ്രാപിച്ചതായാണ് വിവരം.

“റോക്കി ഭായിയെ പോലുള്ള കഥാപാത്രങ്ങള്‍ കൗമാരക്കാരായ കുട്ടികളെ പെട്ടെന്ന് ആകര്‍ഷിക്കും. ഇത്തരം കഥാപാത്രങ്ങള്‍ക്ക് വലിയ ആരാധകവൃന്ദം തന്നെയുണ്ട്. റോക്കി ഭായിയെ അനുകരിച്ച് ഒരു പായ്ക്കറ്റ് സിഗരറ്റ് വലിച്ചാണ് പതിനഞ്ച് വയസ്സ് മാത്രം പ്രായമുള്ള കുട്ടി ആശുപത്രിയിലായത്. സിനിമകള്‍ക്ക് സമൂഹത്തെ സ്വാധീനിക്കാനുള്ള കഴിവ് കൂടുതലാണ്. സിനിമകളില്‍ പുകവലിയോ മയക്കുമരുന്നോ മദ്യപാനമോ മഹത്വവത്കരിച്ച് കാണിക്കാതിരിക്കേണ്ട ചുമതല സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കുണ്ട്”. കുട്ടിയെ ചികിത്സിച്ച ഹൈദരാബാദ് സെഞ്ച്വറി ആശുപത്രിയിലെ പള്‍മണോളജിസ്റ്റ് ഡോ.രോഹിത് റെഡ്ഡി ചൂണ്ടിക്കാട്ടി.

Exit mobile version