യുപിയില്‍ ദലിതര്‍ക്ക് നേരെ അതിക്രമങ്ങള്‍ വീണ്ടും : വിദ്യാര്‍ഥിയെക്കൊണ്ട് ഷൂ നക്കിച്ചു

റായ്ബറേലി : ദലിത് വിഭാഗക്കാര്‍ക്ക് നേരെയുള്ള അധിക്ഷേപങ്ങളും അതിക്രമങ്ങളും യുപിയില്‍ തുടര്‍ക്കഥയാകുന്നു. റായ്ബറേലിയില്‍ ദലിത് വിദ്യാര്‍ഥിയെക്കൊണ്ട് മേല്‍ജാതിയില്‍ പെട്ടവര്‍ ഷൂ നക്കിച്ചതാണ് യുപിയില്‍ നിന്ന് ഒടുവിലെത്തുന്ന വാര്‍ത്ത.

വിധവയായ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന പത്താംക്ലാസ്സ് വിദ്യാര്‍ഥിയാണ് മേല്‍ജാതിയില്‍ പെട്ടവരുടെ ആക്രമണത്തിനും അധിക്ഷേപത്തിനും ഇരയായത്. ഏപ്രില്‍ പത്തിനായിരുന്നു സംഭവം. സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പ്രതികള്‍ ബൈക്കിലിരിക്കുന്നതും കുട്ടി ശിക്ഷയുടെ ഭാഗമായെന്നോണം ചെവിയില്‍ പിടിച്ച് നിലത്തിരിക്കുന്നതും കാണാം. പ്രതികളിലാരാള്‍ ജാതിപ്പേരായ ഠാക്കൂര്‍ എന്ന് പറയാന്‍ കുട്ടിയോട് ആവര്‍ത്തിക്കുന്നുണ്ട്. ശേഷം ഇനി ഈ തെറ്റ് ആവര്‍ത്തിക്കുമോ എന്നും ചോദിക്കുന്നു. ഇതിന് ശേഷമായിരുന്നു ഷൂ നക്കിച്ചത്. വിദ്യാര്‍ഥിയെ അക്രമികള്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നുണ്ട്.

കുട്ടിയുടെ അമ്മ പ്രതികളിലൊരാളുടെ വയലില്‍ പണിയെടുത്തിരുന്നു. ഇതിന്റെ കൂലി ചോദിച്ചതിനാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായതെന്നാണ് വിവരം. എന്നാല്‍ പ്രതികള്‍ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി റായ്ബറേലി പോലീസ് അറിയിച്ചിട്ടുണ്ട്. അഭിഷേക്, വികാസ് പാസി, മഹേന്ദ്ര കുമാര്‍, ഹൃത്വിക് സിങ്, അമന്‍ സിങ്, യശ് പ്രതാപ് തുടങ്ങിയവരാണ് അറസ്റ്റിലായത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ബാലനുമുണ്ടെന്നാണ് വിവരം.

Exit mobile version