ഒഡീഷയില്‍ പെണ്‍ ഭ്രൂണഹത്യ നടത്തുന്ന സംഘം അറസ്റ്റില്‍

ബെര്‍ഹംപൂര്‍ : പെണ്‍ഭ്രൂണഹത്യ നടത്തുന്ന 13 അംഗ സംഘത്തെ ഒഡീഷയില്‍ പോലീസ് അറസ്റ്റ് ചെയ്തു. അള്‍ട്രാസൗണ്ട് യന്ത്രം ഉപയോഗിച്ച് പെണ്ണാണെന്ന് മനസ്സിലായാല്‍ ഭ്രൂണഹത്യ ചെയ്യുന്നതാണ് ഇവരുടെ രീതി. സംഘത്തില്‍ ഒരു ആശാ വര്‍ക്കറുമുണ്ട്.

ദുര്‍ഗാ പ്രസാദ് നായക്(41), അക്ഷയ ദലായ്(24), ഹരി മോഹന ദലായ്(42), റിന പ്രധാന്‍(40)(സിഎച്ച്‌സി ഖോളിക്കോട്ട് ആശാകര്‍മി), രവീന്ദ്രനാഥ് സത്പതി(39), കാളി ചരണ്‍ ബിസോയി(38), സുശാന്ത് കുമാര്‍ നന്ദ(40), പദ്മ ചരണ്‍ ഭൂയാന്‍(60), സിബാറാം പ്രധാന്‍(37), സുമന്ത പ്രധാന്‍(30), ധബലേശ്വര്‍ നായക്(51), മൈലാപുരി സുജാത(49), സുബാഷ് ച് റൗട്ട്(48) എന്നിവരാണ് അറസ്റ്റിലായത്‌.

2005ല്‍ നിരോധിച്ച പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് യന്ത്രം സംഘത്തിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതുപയോഗിച്ചാണ് ഇവര്‍ ഭ്രൂണത്തിന്റെ ലിംഗനിര്‍ണയം നടത്തിയിരുന്നത്. ലോജിക് ഇ മേക്ക് അള്‍ട്രാസൗണ്ട് മെഷീന്‍ കൂടാതെ, അള്‍ട്രാസൗണ്ട് പ്രോബുകളും കണക്ടറും, ലാമിനേറ്റഡ് ലോജിക് ബുക്ക് എസ്പി അള്‍ട്രാസൗണ്ട് മെഷീന്‍, അള്‍ട്രാസൗണ്ട് ജെല്‍, 18200 രൂപ, ഒരു മൊബൈല്‍ ഫോണ്‍ എന്നില പോലീസ് പ്രതികളില്‍ നിന്നും പിടിച്ചെടുത്തു. മുഖ്യപ്രതി ദുര്‍ഗാ പ്രസാദ് നായക് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അബോര്‍ഷന്‍ ക്ലിനിക് നടത്തുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.

അങ്കുളിയിലെ ആനന്ദ് നഗറില്‍ അള്‍ട്രാ സൗണ്ട് മെഷീന്‍ ഉപയോഗിച്ച് അനധികൃത ലിംഗനിര്‍ണയം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ദുര്‍ഗാ പ്രസാദ് നായക് നടത്തുന്ന ഹൗസ് കം ക്ലിനിക്കില്‍ ബെര്‍ഹാംപൂര്‍ പോലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. ഈ സമയം 11 ഗര്‍ഭിണികള്‍ ക്ലിനിക്കില്‍ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.

വ്യാഴാഴ്ച ആശാ വര്‍ക്കറായ റിന പ്രധാന്‍ ഗ്രാമത്തില്‍ നിന്ന് രണ്ട് ഗര്‍ഭിണികളെ പരിശോധനയ്ക്കായി വീട്ടില്‍ കൊണ്ടുവന്ന് പ്രതിയായ ദുര്‍ഗാ പ്രസാദില്‍ നിന്ന് കമ്മിഷന്‍ വാങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ ലാബുകളിലും ക്ലിനിക്കുകളിലുമായി ജോലി ചെയ്യുന്നവരാണ് മറ്റ് പ്രതികള്‍. ഇവര്‍ ഗര്‍ഭിണികളെ സ്ഥാപനത്തിലെത്തിച്ച് ദുര്‍ഗാ പ്രസാദില്‍ നിന്ന് സ്ഥിരമായി കമ്മിഷന്‍ വാങ്ങാറുണ്ട്. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്‌തെന്നും ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും എസ്പി ശരവണ വിവേക് എം അറിയിച്ചു.

Exit mobile version