തെലങ്കാനയില്‍ 56കാരന്റെ കിഡ്‌നിയില്‍ നിന്ന് നീക്കം ചെയ്തത് 206 കല്ലുകള്‍

ഹൈദരാബാദ് : താക്കോല്‍ ദ്വാര ശസ്ത്രക്രിയയിലൂടെ അമ്പത്തിയാറുകാരന്റെ കിഡ്‌നിയില്‍ നിന്ന് നീക്കം ചെയ്തത് 206 കല്ലുകള്‍. തെലങ്കാനയിലെ നല്‍ഗോണ്ട സ്വദേശിയായ വീരമല്ല രാമകൃഷ്ണന്റെ കിഡ്‌നിയില്‍ നിന്നാണ് കല്ലുകള്‍ നീക്കം ചെയ്തത്. ഹൈദരാബാദിലെ അവെയര്‍ ഗ്ലെനീഗിള്‍സ് ഗ്ലോബല്‍ ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ.

ആശുപത്രിയില്‍ അഡ്മിറ്റ് ആകുമ്പോള്‍ പെയിന്‍ കില്ലറുകളുടെ സഹായത്തിലായിരുന്നു വീരമല്ല. കടുത്ത വേദന മൂലം നിരവധി ഡോക്ടര്‍മാരെ കണ്ടെങ്കിലും താല്ക്കാലികാശ്വാസത്തിനുള്ള മരുന്നുകള്‍ മാത്രമാണ് അവര്‍ക്ക് നല്‍കാനായത്. ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ.പൂല നവീന്‍ കുമാറാണ് വീരമല്ലയെ പരിശോധിച്ച ശേഷം ശസ്ത്രക്രിയ നിര്‍ദേശിച്ചത്. നവീന്‍ കുമാറിനൊപ്പം കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ.വേണു മന്നെ, അനസ്‌ത്യേഷ്യോളജിസ്റ്റ് ഡോ.മോഹന്‍ എന്നിവര്‍ ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ പങ്കാളികളായി. ശസ്ത്രക്രിയയ്ക്ക് ശേഷം രണ്ടാം ദിവസം തന്നെ വീരമല്ല ആശുപത്രി വിട്ടു.

അള്‍ട്രാസൗണ്ടില്‍ തന്നെ കല്ലുകളുടെ സാന്നിധ്യം മനസ്സിലാക്കിയിരുന്നുവെങ്കിലും സിടി സ്‌കാന്‍ നടത്തി സ്ഥിരീകരിച്ച ശേഷമായിരുന്നു ശസ്ത്രക്രിയ. ഇടത് കിഡ്‌നിയിലായിരുന്നു കല്ലുകളുണ്ടായിരുന്നത്. കടുത്ത ചൂട് ആണ് കിഡ്‌നിയിലെ കല്ലുകള്‍ക്ക് കാരണമാകുന്നതെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. ധാരാളം വെള്ളം കുടിക്കുക ആണ് ഏക പരിഹാരം. നല്ല ചൂടുള്ള സമയത്ത് സോഡ അടങ്ങിയ പാനീയങ്ങള്‍ കുടിയ്ക്കുന്നത് ഒഴിവാക്കുന്നതും നല്ലതാണ്.

Exit mobile version