പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ കന്നഡ സീരിയല്‍ താരം അന്തരിച്ചു : ആശുപത്രിയ്‌ക്കെതിരെ കുടുംബം

ബെംഗളുരു : പ്ലാസ്റ്റിക് സര്‍ജറിക്ക് പിന്നാലെ കന്നഡ സീരിയല്‍ താരം അന്തരിച്ചു. ടെലിവിഷന്‍ താരം ചേതന രാജ് (21) ആണ് മരിച്ചത്. ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് പിന്നാലെയായിരുന്നു മരണം.

ശരീരത്തില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി ഇന്നലെ രാവിലെയാണ് ചേതന ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വൈകുന്നേരത്തോടെ ശാരീരിക ആസ്വാസ്ഥ്യം തുടങ്ങി. തുടര്‍ന്ന് നടിയുടെ ശ്വാസകോശത്തില്‍ വെള്ളം അടിഞ്ഞു കൂടുകയും മരണം സംഭവിയ്ക്കുകയുമായിരുന്നു.
ശസ്ത്രക്രിയയെക്കുറിച്ച് ചേതന മാതാപിതാക്കളെ അറിയിച്ചിരുന്നില്ലെന്നാണ് വിവരം. സുഹൃത്തുക്കളുമായാണ് ആശുപത്രിയിലെത്തിയത്.

സംഭവത്തെത്തുടര്‍ന്ന് ആശുപത്രിയ്‌ക്കെതിരെ കുടുംബം പോലീസില്‍ പരാതി നല്‍കി. ഡോക്ടറുടെ പിഴവാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. നിലവില്‍ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിലുള്ള മൃതദേഹം റമൈയ്യ ആശുപത്രിയിലേക്ക് പോസ്റ്റമോര്‍ട്ടത്തിനായി മാറ്റും. ഗീത, ദൊരെസാനി തുടങ്ങിയ സീരിയലുകളില്‍ ചേതന അഭിനയിച്ചിട്ടുണ്ട്.

Exit mobile version