ആസാമില്‍ പ്രളയം : 3 മരണം, ഇരുപതിനായിരത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

ഗുവാഹത്തി : രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ആസാമില്‍ പ്രളയക്കെടുതി രൂക്ഷം. ദിമ ഹസോ ജില്ലയിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു. ആറ് ജില്ലകളില്‍ നിന്നായി ഇതുവരെ 24,681 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

കച്ചാര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോഗ് വെസ്റ്റ്, നാഗോണ്‍, കാംരൂഖ് ജില്ലകളിലെ 94 വില്ലേജുകളിലെ ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ദിമ ഹസോയിലെ 12 ഗ്രാമങ്ങളില്‍ മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രളയത്തില്‍ വിവിധയിടങ്ങളിലായി ഇരുന്നൂറിലധികം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. 10321.44 ഹെക്ടര്‍ ഭൂമി വെള്ളത്തിനടിയിലായി. ഹോജായ്, ലഖിംപൂര്‍, നാഗോണ്‍ ജില്ലകളിലെ നിരവധി റോഡുകളും കനാലുകളും പാലങ്ങളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി.

കനത്ത മണ്ണിടിച്ചില്‍ ഡിടോക്ക്‌ചേര റെയില്‍വേസ്‌റ്റേഷനില്‍ കുടുങ്ങിയ 119 യാത്രക്കാരെ വ്യോമസേനയെത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. പ്രളയബാധിത പ്രദേശങ്ങള്‍ സൈന്യവും എസ്ഡിആര്‍എഫും അഗ്നിരക്ഷാ സേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Exit mobile version