‘പേരക്കുട്ടിയെ തരണം, അല്ലെങ്കില്‍ 5 കോടി നഷ്ടപരിഹാരം’ : മകനും മരുമകള്‍ക്കുമെതിരെ ദമ്പതികള്‍ കോടതിയില്‍

മകന്റെയോ മകളുടെയോ വിവാഹം കഴിഞ്ഞാലുടന്‍ ഒരു കുഞ്ഞിക്കാല് കാണാനുള്ള ആഗ്രഹം പറഞ്ഞു തുടങ്ങും മിക്ക മാതാപിതാക്കളും. കുട്ടികളാവാന്‍ നവദമ്പതികള്‍ തയ്യാറാണോ എന്നോ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലാണോ അവര്‍ എന്നോ ഒന്നും അവര്‍ക്കറിയേണ്ട കാര്യമില്ല. ചെറിയ ആഗ്രഹം പറഞ്ഞ് തുടങ്ങി അത് വാശിയായി ഒടുവില്‍ ഭീഷണിയില്‍ വരെ കാര്യങ്ങളെത്തിക്കുന്ന അച്ഛനമ്മമാരുണ്ട്.

ഇപ്പോഴിതായ മകന്റെ കുഞ്ഞിനെ കാണാന്‍ അവസാന അടവും പുറത്തെടുത്തിരിക്കുകയാണ് ഹരിദ്വാറിലെ ഒരു ദമ്പതികള്‍. പേരക്കുട്ടിയെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവര്‍. ഒരു വര്‍ഷത്തിനുള്ളില്‍ പേരക്കുട്ടിയെ വേണമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ മകനും മരുമകളും ചേര്‍ന്ന് 5 കോടി രൂപ നഷ്ടപരിഹാരം തരണമെന്നുമാണ് ഇവരുടെ ആവശ്യം.

മകന് യുഎസില്‍ പഠനത്തിനായും വീട് പണിക്കായും സമ്പാദ്യം മുഴുവന്‍ ചിലവഴിച്ചതോടെ സാമ്പത്തികമായി തകര്‍ന്നുവെന്നതാണ് ദമ്പതികളുടെ ആവശ്യത്തിന് പിന്നിലെ കാരണം. പേരക്കുട്ടിയെ നല്‍കിയില്ലെങ്കില്‍ മകനും മരുകളും 2.5 കോടി വീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പേരക്കുട്ടി ഉണ്ടാകും എന്ന പ്രതീക്ഷയോടെ 2016ലാണ് മകന്റെ വിവാഹം നടത്തിയതെന്നും ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും പ്രശ്‌നമില്ല തങ്ങള്‍ക്കൊരു പേരക്കുട്ടിയെ ആണ് വേണ്ടതെന്നും ദമ്പതികള്‍ പറയുന്നു.

Exit mobile version