ഈദ് ദിനത്തില്‍ ബലൂണുകള്‍ വിറ്റ് പോകാതെ വില്‍പ്പനക്കാരന്‍; മുഴുവന്‍ ബലൂണുകളും വാങ്ങി പോലീസ്, നന്മയ്ക്ക് കൈയ്യടി

കാണ്‍പൂര്‍: വര്‍ഗീയ കലാപങ്ങള്‍ക്കിടയിലും രാജ്യത്ത് മതസൗഹാര്‍ദത്തിന്റെ നല്ല മാതൃകകള്‍ നല്‍കുന്നവരുമുണ്ട്. അത്തരമൊരു നല്ല വാര്‍ത്തയാണ് കാണ്‍പൂരില്‍ നിന്നുമെത്തുന്നത്. ഒരു തെരുവ് കച്ചവടക്കാരനില്‍ നിന്നും മുഴുവന്‍ ബലൂണുകളും വാങ്ങിയ പോലീസുകാരനാണ് വാര്‍ത്തയിലെ താരം.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ ഇതിനോടകം വൈറലാകുകയും ചെയ്തു. എസിപി ത്രിപുരാരി പാണ്ഡെ ആണ് വീഡിയോയില്‍ കാണുന്ന ആ നന്‍മ നിറഞ്ഞ പോലീസുകാരന്‍. ഒരു മാധ്യമ പ്രവര്‍ത്തകനാണ് വീഡിയോ ട്വീറ്റ് ചെയ്തത്.

ഈദ് ദിനത്തില്‍ നേരത്തേ വീട്ടിലെത്താന്‍ ആഗ്രഹിച്ചിരിക്കുകയായിരുന്നു ബലൂണ്‍ വില്‍പനക്കാരന്‍. പക്ഷേ കയ്യില്‍ ആവശ്യത്തിന് പണമില്ലായിരുന്നു. ബലൂണുകള്‍ വിറ്റ് പണം സമ്പാദിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അയാള്‍. എന്നാല്‍ നിരാശയായിരുന്നു ഫലം. ഇതേ സമയം തന്നെ, ഈദ് പ്രമാണിച്ച് ഈ ബലൂണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന കുട്ടികളെയും പോലീസുകാരന്‍ ശ്രദ്ധിച്ചു.

രണ്ട് കൂട്ടരുടെയും ആവശ്യങ്ങള്‍ മനസിലാക്കിയ അദ്ദേഹത്തിന് അവരെ സഹായിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. കച്ചവടക്കാരനെ സഹായിക്കുന്നതോടൊപ്പം കുട്ടികള്‍ക്ക് അവര്‍ക്കാവശ്യമുള്ള ബലൂണുകള്‍ ലഭിച്ചെന്നും ത്രിപുരാരി പാണ്ഡെ ഉറപ്പുവരുത്തി. കച്ചവടക്കാരനില്‍ നിന്ന് ബലൂണുകളെല്ലാം വാങ്ങി കുട്ടികള്‍ക്ക് വിതരണം ചെയ്തു. 59 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പാണ്ഡെ കുട്ടികള്‍ക്ക് ബലൂണുകള്‍ കൈമാറുന്നതും അവരുമായി സംസാരിക്കുന്നതും കാണാം.

Exit mobile version