ഗുജറാത്ത് തീരത്ത് പിടികൂടിയ പാക് ബോട്ടില്‍ 280 കോടിയുടെ ലഹരിമരുന്ന്

അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത് ഇന്ത്യന്‍ സുരക്ഷാ സേന പിടികൂടിയ പാക് ബോട്ടില്‍ 280 കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെത്തി. ഇന്ത്യന്‍ തീര സംരക്ഷണ സേനയും ഗുജറാത്ത് ഭീകര വിരുദ്ധ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് അല്‍ ഹജ്ജ് എന്ന ബോട്ട് കണ്ടെത്തിയത്.

ബോട്ടിലുണ്ടായിരുന്ന ഒമ്പത് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കൂടുതല്‍ അന്വേഷണത്തിനായി കച്ചിലുള്ള ജക്കാവു തുറമുഖത്തേക്ക് എത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്ത് നിന്നും 1500 കോടി വില വരുന്ന ലഹിരമരുന്ന് പിടികൂടിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 260 കിലോയോളം വരുന്ന മയക്കു മരുന്ന് പിടികൂടിയത്. ഈ കണ്ടെയ്‌നറുകള്‍ അഫ്ഗാനില്‍ നിന്ന് ഇറാന്‍ വഴി എത്തിയതാണെന്നാണ് കരുതുന്നത്.

ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും ഹെറോയിന്‍ കടത്താനുള്ള പ്രധാനപാതകളില്‍ ഒന്നായി ഗുജറാത്ത് തീരം മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരിയിലും ഗുജറാത്ത് തീരത്ത് നിന്ന് ലഹരിമരുന്ന് പിടികൂടിയിരുന്നു.

Exit mobile version