ക്ഷേത്രത്തില്‍ വച്ച് പെണ്‍കുട്ടിയോട് മകന്‍ പ്രണയാഭ്യര്‍ഥന നടത്തി: പൂജാരിയായ അച്ഛന് ക്രൂര മര്‍ദ്ദനം

ഉത്തര്‍പ്രദേശ്: ക്ഷേത്ര ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയോട് മകന്‍ പ്രണയാഭ്യര്‍ഥന നടത്തിയതിന് പൂജാരിയെ ക്രൂര മര്‍ദ്ദനം. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് പൂജാരിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിച്ചത്.

ഉത്തര്‍പ്രദേശിലെ ബദൗണ്‍ ജില്ലയിലാണ് സംഭവം. പതിവായി ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന പെണ്‍കുട്ടിയെ പൂജാരിയുടെ മകന്‍ കാണുമായിരുന്നു. ഒരു ദിവസം ക്ഷേത്രത്തില്‍ വച്ച് പ്രണയലേഖനം നല്‍കി. പെണ്‍കുട്ടി വീട്ടുകാരോട് കാര്യം പറഞ്ഞതോടെയാണ് സംഭവം മര്‍ദ്ദനത്തില്‍ കലാശിച്ചത്.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അന്ന് തന്നെ ക്ഷേത്രത്തിലെത്തിയ മകനെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൂജയ്ക്ക് പോയ രാം നിവാസിനെ ബന്ധുക്കള്‍ വളഞ്ഞിട്ട് ആക്രമിച്ചത്.

അതേസമയം, തന്റെ മകളെ പൂജാരിയുടെ മകന്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. സ്‌കൂളില്‍ പോവുമ്പോഴെല്ലാം പൂജാരിയുടെ മകന്‍ പിന്തുടരാറുണ്ടെന്നും പ്രണയലേഖനം കിട്ടിയതിനെ കുറിച്ച് മകള്‍ പരാതിപ്പെട്ടതായും അവര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version