രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു

ന്യൂഡല്‍ഹി : ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി പഠനങ്ങള്‍. 2022 ഫെബ്രുവരിയില്‍ 8.10 ശതമാനമായിരുന്ന നിരക്ക് മാര്‍ച്ചില്‍ 7.6 ശതമാനമായി കുറഞ്ഞതായാണ് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി(സിഎംഐഇ) വ്യക്തമാക്കുന്നത്.

ഏപ്രിലില്‍ നിരക്ക് വീണ്ടും കുറഞ്ഞ് 7.5 ആയി. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 7.97 ആയിരുന്നു രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. കണക്കുകള്‍ പ്രകാരം കര്‍ണാടകയിലും ഗുജറാത്തിലുമാണ് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.

സിഎംഐഇയുടെ കണക്കുകൾ പ്രകാരം, മാർച്ചിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് ഹരിയാനയിലായിരുന്നു. 26.7 ശതമാനമായിരുന്നു ഹരിയാനയിലെ തൊഴിലില്ലായ്മ നിരക്ക്. രാജസ്ഥാനിലും ജമ്മു കശ്മീരിലും 25 ശതമാനം ബിഹാറിൽ 14.4 ശതമാനവും, ത്രിപുരയിൽ 14.1 ശതമാനവും, പശ്ചിമ ബംഗാളിൽ 5.6 ശതമാനവുമാണ് തൊഴില്ലായ്മ നിരക്ക് എന്ന് സിഎംഐഇ കണക്കുകൾ വ്യക്തമാക്കുന്നു.

തൊഴിലില്ലായ്മ നിരക്ക് താഴുന്നുണ്ടെങ്കിലും ഇന്ത്യയെപ്പോലെ മെച്ചപ്പെട്ട സാമ്പത്തിക നിലയില്ലാത്ത രാജ്യത്ത് ഈ നിരക്ക് വലുതാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും കോവിഡിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും അവര്‍ വിലയിരുത്തുന്നു. പാവപ്പെട്ട ആളുകള്‍ക്ക് പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് തൊഴിലില്ലാതെ തുടരാനാവില്ലാത്തതിനാല്‍ അവര്‍ മുന്നിലെത്തുന്ന ഏത് ജോലിയും സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് സാമ്പത്തിക വിദഗ്ധന്‍ അഭിരൂപ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Exit mobile version