തരാനുള്ള 20,860.40 കോടി രൂപ ഉടന്‍ തന്ന് തീര്‍ക്കണം: കടുത്ത സാമ്പത്തിക സമ്മര്‍ദ്ദത്തിലാണെന്ന് കേന്ദ്രത്തോട് സ്റ്റാലിന്‍

ന്യൂഡല്‍ഹി: തമിഴ്നാടിന് നല്‍കാനുള്ള കുടിശ്ശിക തീര്‍പ്പാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ജിഎസ്ടി നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കുടിശ്ശികകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രത്തില്‍ നിന്നുള്ള കുടിശ്ശിക 20,860.40 കോടി രൂപയാണെന്നും അതില്‍ ജിഎസ്ടി നഷ്ടപരിഹാരം 13,504.74 കോടി രൂപയാണെന്നും അദ്ദേഹം ധനമന്ത്രി നിര്‍മല സീതാരാമന് നല്‍കിയ മെമ്മോറാണ്ടത്തില്‍ പറഞ്ഞു.

കോവിഡ് സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചതിനാല്‍, നിലവില്‍ കോവിഡ് സാഹചര്യം സാധാരണനിലയില്‍ ആയിട്ടും തമിഴ്‌നാട് ‘കടുത്ത സാമ്പത്തിക സമ്മര്‍ദ്ദം’ അഭിമുഖീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തരാനുള്ള കുടിശ്ശികയില്‍ ധനമന്ത്രാലയത്തില്‍ നിന്നുള്ള ചരക്ക് സേവന നികുതി നഷ്ടപരിഹാര കുടിശ്ശികയാണ് ഏറ്റവും ഉയര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ നവീകരിക്കുന്നതിനും ജനങ്ങളിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കായി ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും അധിക ചെലവ് സംസ്ഥാനത്തിന് ആവശ്യമായി വന്നെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version