മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു

മുംബൈ : പ്രമുഖ മാധ്യമപ്രവര്‍ത്തക റാണാ അയ്യൂബിനെ മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ്(ഇഡി) നടപടി. ഏപ്രില്‍ ഒന്നിന് ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം.

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെയായിരുന്നു സംഭവം. ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള യാത്രയ്‌ക്കെത്തിയ തന്നെ വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ വിഭാഗം തടയുകയായിരുന്നുവെന്ന് റാണ ട്വീറ്റ് ചെയ്തു. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജേണലിസ്റ്റ്‌സ്, വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് റാണയെ ബ്രിട്ടനിലേക്ക് ക്ഷണിച്ചത്.

യാത്രാവിവരം ആഴ്ചകള്‍ക്ക് മുമ്പേ എല്ലാവരുയെും അറിയിച്ചിരുന്നുവെന്നും എന്നാല്‍ യാത്ര തടഞ്ഞ് ഇഡി തനിക്ക് സമന്‍സ് നോട്ടീസ് അയച്ചുവെന്നുമാണ് റാണയുടെ ആരോപണം. സമന്‍സ് ലഭിച്ചത് വിമാനത്താവളത്തിലെത്തിയതിന് ശേഷമാണെന്നും റാണ പറയുന്നു.

കള്ളപ്പണം വെളുപ്പിക്കല്‍, സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച പണം വകമാറ്റല്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കാണ് ഇഡി റാണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ സമാഹരിച്ച മുഴുവന്‍ തുകയ്ക്കും കണക്കുണ്ടെന്നും ഒരു പൈസ പോലും ദുരുപയോഗം ചെയ്തിട്ടില്ലെന്നും റാണ നേരത്തേ വ്യക്തമാക്കിയിരുന്നു.

Exit mobile version