റണ്‍വേയിലേക്ക് മാറ്റുന്നതിനിടെ വിമാനം വൈദ്യുതി തൂണില്‍ ഇടിച്ചു: വിമാനത്തിന്റെ ചിറകും തൂണും തകര്‍ന്നു

ന്യൂഡല്‍ഹി: ടേക്ക് ഓഫിന് മുമ്പ് സ്പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണില്‍ ഇടിച്ചു. ഡല്‍ഹി വിമാനത്താവളത്തിലാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ തൂണ്‍ പൂര്‍ണമായും തകര്‍ന്നുവീണു. വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് മാറ്റുമ്പോഴാണ് അപകടമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് പോകേണ്ട വിമാനത്തിന്റെ ഇടതു ചിറകാണ് തൂണില്‍ ഇടിച്ചത്. അപകടം സംഭവിച്ചതോടെ ബദല്‍ വിമാനം ഉടന്‍ തന്നെ അധികൃതര്‍ സജ്ജമാക്കി.

സ്‌പൈസ് ജെറ്റ് വിമാനം എസ്ജി 160 ആണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി വിമാനത്താവള അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.

Exit mobile version