ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം ആടിയുലഞ്ഞ സംഭവം : രണ്ട് സ്‌പൈസ് ജെറ്റ് ജീവനക്കാരെ നീക്കി

ന്യൂഡല്‍ഹി : ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം ആടിയുലഞ്ഞ സംഭവത്തില്‍ രണ്ട് സ്‌പൈസ് ജെറ്റ് ജീവനക്കാര്‍ക്കെതിരെ നടപടി. ഔദ്യോഗിക അന്വേഷണത്തിന് മുമ്പേ വിമാനം തുടര്‍ന്ന് പറക്കാനനുവദിച്ചതിന് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍, സ്‌പൈസ് ജെറ്റ് മെയിന്റനന്‍സ് കണ്‍ട്രോള്‍ സെന്റര്‍ ഇന്‍ചാര്‍ജ് എന്നിവരെ ജോലിയില്‍ നിന്ന് നീക്കിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.

മുംബൈയില്‍ നിന്ന് ദുര്‍ഗാപൂരിലേക്ക് പോവുകയായിരുന്ന എസ്ജി-945 എന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് ഞായറാഴ്ച അപകടത്തില്‍പ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് വിമാനം ദുര്‍ഗാപൂരില്‍ ഇറക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതിന് മുമ്പ് ഈ വിമാനം ദുര്‍ഗാപൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പറന്നു. ഇതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

“കൊല്‍ക്കത്തയിലെത്തിയ ശേഷമാണ് വിമാനത്തിലെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍, സ്‌പൈസ് ജെറ്റ് മെയിന്റനന്‍സ് കണ്‍ട്രോള്‍ സെന്റര്‍ ഇന്‍ചാര്‍ജ് എന്നിവരെ ജോലിയില്‍ നിന്ന് നീക്കുന്നതായി അറിയിക്കുന്നു. ആകാശച്ചുഴിയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്തിലെ ഓക്‌സിജന്‍ പാനലുകള്‍ തുറക്കപ്പെടുകയും മാസ്‌കുകള്‍ നിലത്ത് വീഴുകയും ചെയ്തു. വിമാനത്തിലെ ഏതാനും സീറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്”. ഡിജിസിഎ പ്രസ്താവനയില്‍ അറിയിച്ചു.

ആകെ പതിനാല് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരില്‍ രണ്ട് പേര്‍ ദുര്‍ഗാപൂരില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മിക്കവര്‍ക്കും തല, നട്ടെല്ല്, തോള്‍, എന്നിവിടങ്ങളിലാണ് പരിക്ക്.

Exit mobile version