ജമ്മു കശ്മീര്‍ ഐഡിയുമായെത്തിയ യുവാവിന് റൂം നിഷേധിച്ച് ഡല്‍ഹി ഹോട്ടല്‍ : വീഡിയോ വൈറല്‍

ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ ഐഡിയുമായെത്തിയ യുവാവിന് ഡല്‍ഹിയില്‍ ഹോട്ടല്‍ റൂം നിഷേധിച്ചതായി പരാതി. കശ്മീര്‍ ഐഡി കൈവശമുള്ളതിനാല്‍ ഹോട്ടല്‍ ജീവനക്കാരി റൂം നിഷേധിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ജമ്മുകശ്മീരില്‍ നിന്നുള്ളവര്‍ക്ക് റൂം നല്‍കരുതെന്ന് പോലീസ് നിര്‍ദേശമുള്ളതായാണ് ജീവനക്കാരി അറിയിക്കുന്നത്. റിസര്‍വേഷന്‍ നല്‍കാത്തതിന്റെ കാരണം യുവാവ് ചോദിക്കുമ്പോള്‍ കശ്മീരില്‍ നിന്നുള്ള ഐഡികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശമുള്ളതായി ജീവനക്കാരി പറയുന്നത് കേള്‍ക്കാം. ആരെയോ ഫോണില്‍ വിളിച്ച് ചോദിച്ച ശേഷമാണ് ഇവര്‍ ഇക്കാര്യം യുവാവിനോട് പറയുന്നത്.

എന്നാല്‍ വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി ഡല്‍ഹി പോലീസ് രംഗത്തെത്തി. കശ്മീരില്‍ നിന്നുള്ള ഐഡികള്‍ സ്വീകരിക്കരുതെന്ന് തങ്ങളുടെ ഭാഗത്ത് നിന്ന് ഒരു നിര്‍ദേശവും ഉണ്ടായിട്ടില്ലെന്നും വീഡിയോയില്‍ പറയുന്ന കാര്യം തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.

യുവാവ് ഹോട്ടലിലെത്തിയ സമയം റൂമുകളൊന്നും ഒഴിവില്ലായിരുന്നുവെന്നും ഇതിനാലാണ് റൂം നിഷേധിച്ചതെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഓയോ വഴി റൂം ബുക്ക് ചെയ്താണ് യുവാവ് എത്തിയതെന്നറിയിച്ച ഹോട്ടല്‍ അധികൃതര്‍ കാര്യം ബോധിപ്പിച്ചപ്പോള്‍ ഇയാള്‍ ജീവനക്കാരിയോട് തട്ടിക്കയറുകയായിരുന്നുവെന്നും ആരോപിച്ചു.

Exit mobile version