കശ്മീര്‍ ഫയല്‍സിനെതിരെ പോസ്റ്റിട്ടു : രാജസ്ഥാനില്‍ ദലിത് യുവാവിന്റെ മൂക്ക് ക്ഷേത്രനിലത്ത് ഉരപ്പിച്ചു

അല്‍വാര്‍ : ദ കശ്മീര്‍ ഫയല്‍സിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് രാജസ്ഥാനില്‍ ദലിത് യുവാവിന്റെ മൂക്ക് ക്ഷേത്രനിലത്ത് ഉരപ്പിച്ചു. അല്‍വാര്‍ ജില്ലയിലെ രാജേഷ് കുമാര്‍ മേഗ്വാള്‍ എന്നയാള്‍ക്കാണ് ചിത്രത്തിനെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ പീഡനമേല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 18ന് സിനിമയെക്കുറിച്ച് രാജേഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട് ക്രൂരത വെളിപ്പെടുത്തുന്ന സിനിമയ്ക്ക് നികുതിയിളവ് നല്‍കിയത് പോലെ ദലിതരും മറ്റ് സമുദായങ്ങള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ വെളിവാക്കുന്ന ജയ് ഭീം പോലുള്ള സിനിമകള്‍ക്ക് എന്തുകൊണ്ട് നികുതിയിളവ് നല്‍കുന്നില്ല എന്നായിരുന്നു പോസ്റ്റ്.

പോസ്റ്റിന് താഴെ മതപരമായ കമന്റുകളുമായി ആളുകളെത്തുകയും രാജേഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് മറുപടിയെന്നോണം ദൈവങ്ങളെക്കുറിച്ച് രാജേഷ് പറഞ്ഞ കാര്യങ്ങള്‍ ആളുകളെ ചൊടിപ്പിച്ചു. പോസ്റ്റിനും ദൈവങ്ങള്‍ക്കെതിരായി പറഞ്ഞ കമന്റിനും രാജേഷ് മാപ്പ് പറയണമെന്നും ആവശ്യമുയര്‍ന്നു. ഗ്രാമത്തിലെ മുഖ്യ ഭരണാധികാരിയടക്കം മാപ്പ് പറയുന്നതിന് തന്റെ മേല്‍ സമ്മര്‍ദമുയര്‍ത്തിയതായി രാജേഷ് പറയുന്നു.

മാപ്പ് പറയാനായി ക്ഷേത്രത്തിലെത്തിയെങ്കിലും മൂക്ക് ക്ഷേത്രനിലത്ത് ഉരയ്ക്കണമെന്ന ആവശ്യം രാജേഷ് അംഗീകരിച്ചില്ല. എന്നാല്‍ മൂക്ക് നിലത്ത് ഉരയ്ക്കാന്‍ ആളുകള്‍ നിര്‍ബന്ധിക്കുകയും നിവൃത്തിയില്ലാതെ ഇയാള്‍ ചെയ്യുകയുമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ രാജേഷിനെ ആളുകള്‍ നിര്‍ബന്ധിച്ച് മൂക്ക് നിലത്തുരപ്പിയ്ക്കുന്നത് കാണാം.

സംഭവത്തില്‍ പതിനൊന്ന് പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഗോകല്‍പൂര്‍ ഗ്രാമവാസികളായ അജയ് കുമാര്‍ ശര്‍മ, സഞ്ജീത് കുമാര്‍, ഹേമന്ദ് ശര്‍മ, പര്‍വീന്ദ്ര കുമാര്‍, റമോത്തര്‍, നിതിന്‍ ജംഗീഡ്, ദയാറാം എന്നിവരാണ് അറസ്റ്റില്‍.

രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് മാര്‍ച്ച് 11ന് റിലീസ് ചെയ്ത ദ കശ്മീര്‍ ഫയല്‍സ്. കശ്മീരി പണ്ഡിറ്റുകളുടെ പലായനം ആസ്പദമാക്കിയുള്ള ചിത്രം ബിജെപി വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളില്‍ സിനിമയുടെ നികുതി വെട്ടിക്കുറയ്ക്കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സിനിമ കാണാന്‍ അവധി നല്‍കുകയും ചെയ്തിരുന്നു. വിവേക് അഗ്നിഹോത്രിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Exit mobile version