മുന്നൂറ് വര്‍ഷത്തെ ചരിത്രം തിരുത്തി: ചെന്നൈ കോര്‍പ്പറേഷന്റെ ആദ്യ വനിതാ മേയറായി പ്രിയാ രാജന്‍

ചെന്നൈ: മുന്നൂറ് വര്‍ഷത്തെ ചരിത്രം തിരുത്തി ചെന്നൈ കോര്‍പ്പറേഷന് ആദ്യ വനിതാ മേയര്‍. 28കാരിയും എംകോം ബിരുദധാരിയുമായ പ്രിയാ രാജനെയാണ് പുതിയ മേയറായി ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) തിരഞ്ഞെടുത്തിരിക്കുന്നത്.

ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യനുമൊക്കെയിരുന്ന സുപ്രധാന പദവിയിലാണ് പ്രിയയെത്തുന്നത്. 333 വര്‍ഷത്തെ ചെന്നൈ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ദളിത് വനിത മേയറാകുന്നത്. ചെന്നൈയുടെ മൂന്നാമത്തെ വനിതാ മേയറായിരിക്കും പ്രിയ. താരാ ചെറിയാനും കാമാക്ഷി ജയരാമനുമാണ് ഇതിന് മുമ്പ് മേയര്‍ സ്ഥാനത്ത് എത്തിയ വനിതകള്‍. മംഗലപുരത്തെ 74-ാം വാര്‍ഡില്‍ നിന്നാണ് പ്രിയ തെരഞ്ഞെടുക്കപ്പെട്ടത്.

18 വയസ്സ് മുതല്‍ പാര്‍ട്ടി കേഡറാണെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രിയക്ക് ഇത് കന്നിയങ്കമാണ്. തദ്ദേശതെരഞ്ഞെടുപ്പില്‍ ചെന്നൈ കോര്‍പ്പറേഷനില്‍ വിജയിച്ച യുവസ്ഥാനാര്‍ത്ഥികളിലൊരാളാണ് പ്രിയ. ഡിഎംകെ സഖ്യകക്ഷിയായ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയായി തേനാപേട്ട 98-ാം വാര്‍ഡില്‍ നിന്നും ജയിച്ച 21 വയസ്സുള്ള പ്രിയദര്‍ശിനിയാണ് പുതിയ കൗണ്‍സിലര്‍മാരിലെ ബേബി. കഴിഞ്ഞ ആഴ്ച നടന്ന തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരിയില്‍ ചെന്നൈ മേയര്‍ സ്ഥാനം പട്ടികജാതി വനിതയ്ക്ക് സംവരണം ചെയ്തു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

വടക്കന്‍ ചെന്നൈയില്‍ 74-ാം വാര്‍ഡില്‍ നിന്നാണ് പ്രിയ ഇക്കുറി ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചത്. ഈ മേഖലയില്‍ നിന്നും മേയര്‍ പദവിയിലേക്ക് എത്തുന്ന ആദ്യ വനിത കൂടിയാണ് അവര്‍. ചെന്നൈ നഗരത്തിന്റെ പകിട്ടുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കുന്ന ഒരു മേഖലയാണ് വടചെന്നൈ എന്നറിയപ്പെടുന്ന വടക്കന്‍ ചെന്നൈ. തമിഴ് സിനിമകളില്‍ റൗഡികളുടേയും ഗുണ്ടകളുടേയും കോട്ടയായിട്ടാണ് ഈ പ്രദേശത്തെ പതിവായി ചിത്രീകരിക്കാറുള്ളത്.

പത്തു വര്‍ഷത്തിന് ശേഷമാണ് തമിഴ്‌നാട്ടില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്‍പതു മാസത്തെ സ്റ്റാലിന്‍ ഭരണത്തിന് ലഭിച്ച പ്രതിഫലമാണ് ഡിഎംകെയുടെ വിജയമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഡിഎംകെ സര്‍ക്കാരില്‍ പൊതുജനത്തിനുള്ള വിശ്വാസമാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയമെന്നാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞത്.

അതേസമയം, ജനവിധിക്ക് മുന്നില്‍ തലകുനിക്കുന്നുവെന്നാണ് എ.ഐ.എ.ഡി.എം.കെ നേതാവ് ഒ. പനീര്‍സെല്‍വം പ്രതികരിച്ചത്. ഭരണകക്ഷിയുടെ കൃത്രിമ വിജയമാണിതെന്നും എ.ഐ.എ.ഡി.എം.കെ തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യത്തിനും ചലനമുണ്ടാക്കാനായില്ല.

Exit mobile version