കുഞ്ഞുമായി കനാലില്‍ ചാടിയ യുവതിയെ രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

രക്ഷിക്കണമെന്ന് അലറിവിളിച്ചായിരുന്നു യുവാവ് കനാലിലേക്ക് ചാടിയത്

ന്യൂഡല്‍ഹി: കനാലില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയേയും കുഞ്ഞിനെയും രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കഴിഞ്ഞ ശനിയാഴ്ച ഡല്‍ഹിയിലെ മീഥാപുര്‍ കനാലിലായിരുന്നു സംഭവം.

വീട്ടില്‍ നിന്നും ഓട്ടോയില്‍ വരുമ്പോള്‍ കനാലിലെ പാലത്തിന്റെ വിളുമ്പില്‍ കുട്ടിയുമായി ഒരു യുവതി നില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ഓട്ടോ ഡ്രൈവര്‍ അവിടെനിന്നു. ഏതാനും നിമിഷത്തിനിടെ കുട്ടിയുമായി യുവതി കനാലിലേക്കു ചാടി. ഉടന്‍ തന്നെ മറ്റൊന്നും ആലോചിക്കാതെ മുപ്പതുകാരനായ ഓട്ടോഡ്രൈവറും കനാലിലേക്ക് ചാടി.

രക്ഷിക്കണമെന്ന് അലറിവിളിച്ചായിരുന്നു യുവാവ് കനാലിലേക്ക് ചാടിയത്. ബഹളം കേട്ട് സമീപത്തുണ്ടായിരുന്നു ഏതാനും പേര്‍ ഓടിയെത്തുകയും ഇവരുടെ സഹായത്തോടെ യുവതിയേയും കുട്ടിയേയും രക്ഷിക്കുകയും ചെയ്തു. എന്നാല്‍ ശക്തമായ ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കാനായില്ല. യുവതിയേയും കുട്ടിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവുമായി വഴക്കിട്ടാണ് യുവതി കുഞ്ഞുമായി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

Exit mobile version