തെലങ്കാന മുഖ്യമന്ത്രിയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ കഴുതയെ മോഷ്ടിച്ചതിന്‌ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെതിരെ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ കഴുതയെ മോഷ്ടിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ എന്‍എസ്‌യുഐ അധ്യക്ഷന്‍ വെങ്കട്ട് ബാല്‍മൂര്‍ ആണ് അറസ്റ്റിലായത്.

ഫെബ്രുവരി 17ന് മുഖ്യമന്ത്രിയുടെ 68ാം ജന്മദിനത്തില്‍ ബാല്‍മൂര്‍ കഴുതയുടെ പുറത്ത് മന്ത്രിയുടെ ഫോട്ടോ ഒട്ടിച്ച് കഴുതയ്ക്ക് മധുരം നല്‍കി പ്രതിഷേധിച്ചിരുന്നു. സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ കുറയുന്നെന്നും കര്‍ഷകരുടെ ജീവിതം ദുരിതത്തിലാക്കിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. സതവാഹന സര്‍നകലാശാലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഇതിനെത്തുടര്‍ന്ന് ബാല്‍മൂറിനെതിരെ ജമ്മികുന്ദ പോലീസ് സ്‌റ്റേഷനില്‍ പരാതി എത്തുകയായിരുന്നു. തങ്കുദൂരി രാജ്കുമാര്‍ എന്ന ആളാണ് തന്റെ കഴുത മോഷണം പോയി എന്ന് കാണിച്ച് പരാതി നല്‍കിയിരിക്കുന്നത്. വെങ്കട്ടിനും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ് കേസ്.

വെങ്കട്ടിന്റെ അറസ്റ്റ് പ്രതിഷേധത്തെത്തുടര്‍ന്നാണെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അധികാരം തലയ്ക്ക് പിടിച്ചതാണ് ഇത്തരം നടപടികളെടുക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ വിമര്‍ശിച്ചു. റാവുവിന്റെ ഭരണത്തില്‍ തെലങ്കാന പോലീസില്‍ നിന്ന് മറ്റൊരു നടപടിയും പ്രതീക്ഷിക്കേണ്ടെന്ന് എംപി രേവന്ത് റെഡ്ഡിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Exit mobile version