എട്ട് മാസത്തെ സമ്പാദ്യം, അഞ്ച് കുട്ട നാണയങ്ങള്‍! സ്വന്തം സ്‌കൂട്ടറെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി യുവാവ്; നല്ല മാതൃകയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ ലോകം

സ്വരൂപിച്ച് കൂട്ടിയ നാണയങ്ങളുമായി സ്വന്തം സ്‌കൂട്ടറെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി യുവാവ്. ചാക്കിലാക്കി കെട്ടികൊണ്ടു വന്ന നാണയങ്ങളുമായി ഷോറൂമിലെത്തിയാണ്
ഇരുചക്രവാഹനമെന്ന സ്വപ്‌നം ഈ യുവാവ് സാക്ഷാത്കരിച്ചിരിക്കുന്നത്.

ആസാമിലെ സ്‌റ്റേഷനറി ജീവനക്കാരനാണ് തന്റെ കുഞ്ഞു സമ്പാദ്യത്തില്‍ നിന്നും മിച്ചം പിടിച്ച് സ്വന്തം വാഹനം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. യൂട്യൂബര്‍ ഹിരക് ജി ദാസ് എന്നയാളാണ് സംഭവം തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം മാതൃകയായി ഈ വീഡിയോ സൈബര്‍ ലോകത്ത് വൈറലായിരിക്കുകയാണ്.

ചാക്കിലാക്കി കെട്ടികൊണ്ടു വന്ന നാണയങ്ങള്‍ അഞ്ച് കുട്ടകളിലായി നിറച്ചിരിക്കുകയാണ്. ഷോറൂമിലെ സ്റ്റാഫുകള്‍ നാണയങ്ങള്‍ എല്ലാം എണ്ണി തിട്ടപ്പെടുത്തിയ ശേഷം
കൃത്യം തുകയുണ്ടെന്ന് ബോധ്യമായി വാഹനം വാങ്ങുന്നതിനായുള്ള മറ്റ് നടപടികള്‍ കൈക്കൊണ്ടു. ഒടുവില്‍ യുവാവ് സ്‌ക്കൂട്ടറെന്ന സ്വപ്നം നേടി.

യുവാവിന്റെ ഏഴ്-എട്ട് മാസങ്ങളായുള്ള പരിശ്രമമാണിതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ വിഡിയോ ഇപ്പോള്‍ വൈറലായതോടെ യുവാവിന് പിന്തുണയും ഏറുകയാണ്.

പുത്തന്‍ സ്‌ക്കൂട്ടറുമായുള്ള യുവാവിന്റെ ചിത്രവും പുറത്തുവന്നു. യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും സ്വപ്നങ്ങള്‍ തേടിയുള്ള പലരുടെയും യാത്രയില്‍ ഈ യുവാവ് മാതൃകയാകുന്നെന്നാണ് സോഷ്യല്‍ ലോകം അഭിപ്രായപ്പെടുന്നത്.

Exit mobile version