“വിവാഹേതര ബന്ധം സദാചാരവിരുദ്ധമാകാം, ജോലിയില്‍ നിന്ന് പിരിച്ചു വിടാനുള്ള കാരണമല്ല” : ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ് : വിവാഹേതര ബന്ധം സമൂഹത്തിന്റെ കണ്ണില്‍ സദാചാര വിരുദ്ധമാകാമെങ്കിലും ജോലിയില്‍ നിന്ന് പിരിച്ചു വിടാനുള്ള കാരണമല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. വിവാഹേതര ബന്ധത്തെത്തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിളിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട അഹമ്മദബാദ് പോലീസിന്റെ നടപടിയ്‌ക്കെതിരെ പരാതിക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം.

പരാതിക്കാരന്‍ അച്ചടക്കമുള്ള ഒരു സേനയുടെ ഭാഗമാണെന്നും ഇയാളുടെ പ്രവൃത്തി തികച്ചും സ്വകാര്യമാണെന്നും നിരീക്ഷിച്ച കോടതി നിര്‍ബന്ധമോ ചൂഷണമോ ഇല്ലാത്ത ബന്ധത്തെ പെരുമാറ്റദൂഷ്യമെന്ന് പറഞ്ഞ് ജോലിയില്‍ നിന്ന് പിരിച്ചുവിടാനാവില്ലെന്നും വിശദീകരിച്ചു. 2013ല്‍ പിരിച്ചുവിടപ്പെട്ട പോലീസുകാരനെ തിരിച്ചെടുക്കാനും ഇക്കാലയളവ് മുതലുള്ള ശമ്പളത്തിന്റെ 25 ശതമാനം നല്‍കാനും ജസ്റ്റിസ് സംഗീതാ വിശന്‍ ഉത്തരവിട്ടു.

അഹമ്മദാബാദില്‍ കോണ്‍സ്റ്റബിളായിരുന്ന പരാതിക്കാരന്‍ ഷാഹിബാഗില്‍ കുടുംബസമേതമാണ് താമസിച്ചിരുന്നത്. സമീപത്തെ വീട്ടിലെ ഒരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചു. പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണെന്ന് ഇരുവരും സമ്മതിച്ചിരുന്നുവെങ്കിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സുരക്ഷയൊരുക്കേണ്ട പോലീസുകാരന്‍ തന്നെ വിധവയെ ചൂഷണം ചെയ്തു എന്നാരോപിച്ച് പോലീസ് കമ്മീഷണര്‍ ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇയാള്‍ ജോലിയില്‍ തുടരുന്നത് പൊതുജനത്തിന് സേനയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തും എന്നായിരുന്നു പോലീസിന്റെ വാദം.

Exit mobile version