ഗല്‍വാനില്‍ മരിച്ചത് 42 സൈനികര്‍ : നാല് സൈനികരെന്ന ചൈനയുടെ വാദം പൊളിച്ചടുക്കി അന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : 2020 ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ ചൈനയ്ക്ക് നഷ്ടപ്പെട്ടത് 42 സൈനികരെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമ റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന ചൈനയുടെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്.

സമൂഹമാധ്യമ ഗവേഷകരുടെ അന്വേഷണറിപ്പോര്‍ട്ട് ‘ഗല്‍വാന്‍ ഡീകോഡഡ് ‘ എന്ന പേരില്‍ ദി ക്ലാക്‌സോണ്‍ എന്ന പത്രമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗല്‍വാന്‍ നദി മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സൈനികര്‍ മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

രാത്രി കൊടും തണുപ്പിലായിരുന്നു ശക്തമായ ഒഴുക്കുള്ള നദി മുറിച്ചുകടന്ന് ഇക്കരെയെത്താന്‍ നീക്കമുണ്ടായതെന്ന് ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 38 സൈനികരാണ് ഇത്തരത്തില്‍ മുങ്ങിമരിച്ചിരിക്കുന്നത്. അപകടത്തിന് ശേഷം മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ ഔപചാരികമായി അടക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ചൈന മുമ്പ് പറഞ്ഞത് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് പേരില്‍ ഒരാള്‍ മാത്രമാണ് മുങ്ങിമരിച്ചത് എന്നായിരുന്നു. ഇതും ഏറ്റുമുട്ടല്‍ നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് ചൈന സമ്മതിക്കുന്നത്. തുടക്കത്തില്‍ തങ്ങളുടെ ഒരു സൈനികനും കൊല്ലപ്പെട്ടിട്ടില്ലെന്നായിരുന്നു ചൈന അറിയിച്ചിരുന്നത്.

ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ഉടമ്പടികളെല്ലാം ലംഘിച്ച് ഗല്‍വാനിലെ ബഫര്‍ സോണില്‍ ചൈന ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തികളാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് വിവരം.ഇത് കൂടാതെ നദിക്ക് കുറുകെ ഇന്ത്യന്‍ സൈന്യം നിര്‍മിച്ച പാലവും പിഎല്‍എ(പീപ്പിള്‍ ലിബറേഷന്‍ ആര്‍മി) തകര്‍ത്തിരുന്നു.

Exit mobile version