ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യയ്ക്കും മകനും ചെലവിന് പ്രതിമാസം അരലക്ഷം രൂപ നല്‍കാന്‍ കോടതി ഉത്തരവ്

ഗാര്‍ഹിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ കാതറൈന്‍ വിവാഹമോചനത്തിന് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

മുംബൈ; വിദേശത്ത് രണ്ടേകാല്‍ ലക്ഷം രൂപ ശമ്പളമുള്ള ഭര്‍ത്താവ് തന്റെ വേര്‍പിരിഞ്ഞു ജീവിക്കുന്ന ഭാര്യയ്ക്കും മകനും ജീവിക്കാനുള്ള ചെലവിനായി പ്രതിമാസം അരലക്ഷം രൂപ വീതം നല്‍കണമെന്ന് കോടതി ഉത്തരവ്. മുംബൈ ഹൈക്കോടതിയുടെതാണ് ഉത്തരവ്.

ഗാര്‍ഹിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ കാതറൈന്‍ വിവാഹമോചനത്തിന് കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതില്‍ തീര്‍പ്പായിട്ടില്ല. ഇടക്കാല ആശ്വാസം എന്ന നിലയിലാണ് അരലക്ഷം രൂപ ചെലവിനുള്ള തുകയായി കാതറൈന്‍ ആവശ്യപ്പെട്ടത്. ഭര്‍ത്താവായ എഡ്വേര്‍ഡ് ആന്റണിക്ക് ദുബായിലെ ഒരു വലിയ കമ്പനിയിലാണ് ജോലി. അതിനാല്‍ തനിക്കും മകനും ജീവിക്കാനുള്ള ചെലവ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന് പ്രതിമാസം രണ്ടേകാല്‍ ലക്ഷം രൂപ ശമ്പളമുണ്ടെന്നുള്ള തെളിവും കാതറൈന്‍ കോടതിയില്‍ ഹാജരാക്കി.

മജിസ്‌ട്രേറ്റ് കോടതി തെളിവെടുത്ത ശേഷം പ്രതിമാസം ചെലവിനുള്ള തുകയായി 8000 രൂപ അമ്മയ്ക്കും മകനും നല്‍കാന്‍ ഉത്തരവിട്ടിരുന്നു. അതിനെതിരെയുള്ള അപ്പീല്‍ ജില്ലാകോടതി തള്ളി. തുടര്‍ന്നാണ് കാതറൈന്‍ ഹൈക്കോടതിയെ സമീപിച്ചത്.

യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ മുഖം തിരിച്ചുള്ള നടപടിയായിരുന്നു മജിസ്‌ട്രേറ്റിന്റേത് എന്ന് മുംബൈ ഹൈക്കോടതി കുറ്റപ്പെടുത്തി. കാതറൈനിന് തൊഴിലില്ല. അതിനാല്‍ വരുമാന മാര്‍ഗങ്ങളുമില്ല. മകന്‍ സ്‌കൂളില്‍ പഠിക്കുന്നു. ജീവിത ചെലവ് ഉയര്‍ന്നിരിക്കുന്ന മുംബൈ നഗരത്തില്‍ അരലക്ഷം രൂപ ചെലവിന് നല്‍കാന്‍ ഭര്‍ത്താവിന് ബാധ്യതയുണ്ട്. അത് ന്യായമായ ഒന്നാണെന്ന് ഹൈക്കോടതി പറഞ്ഞു.

തെളിവുകളില്‍ നിന്നും ഈ തുക ഭര്‍ത്താവിന് നല്‍കാന്‍ കഴിയുമെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിമാസം 8000 രൂപ മാത്രം ചെലവിന് നല്‍കിയ മജിസ്‌ട്രേറ്റിന്റെ നടപടി തികച്ചും തെറ്റായിപ്പോയെന്ന് ഹൈക്കോടതി പറഞ്ഞു. അതുകൊണ്ടാണ് മജിസ്‌ട്രേറ്റിന്റെ ഉത്തരവില്‍ ഇടപെട്ടുകൊണ്ട് ചെലവിനുള്ള തുക അരലക്ഷമായി വര്‍ധിപ്പിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു.

Exit mobile version